റെയിൽപ്പാളത്തിൽ ഇരുമ്പു ക്ലിപ്പുകൾ സ്ഥാപിച്ച് അട്ടിമറിശ്രമം
Wednesday, July 23, 2025 3:02 AM IST
ഒറ്റപ്പാലം: റെയിൽപ്പാളത്തിൽ അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകൾ സ്ഥാപിച്ച് ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം.
ഒറ്റപ്പാലം- ലക്കിടി സ്റ്റേഷനുകൾക്കിടയിലും മായന്നൂർ മേൽപ്പാലത്തിനു സമീപവുമാണ് അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകൾ കണ്ടെത്തിയത്. ആർപിഎഫും പോലീസും പരിശോധന നടത്തി.
പാലക്കാട് ഭാഗത്തേക്കു കടന്നുപോയ മെമുവിലെ ലോക്കോ പൈലറ്റാണ് പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണു പാളത്തെയും കോൺക്രീറ്റ് സ്ലിപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്.
അപകടസാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ആ൪പിഎഫും ഒറ്റപ്പാലം പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം വിജനമായ പ്രദേശമായതിനാൽ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.