മിമിക്രിയിലും സിനിമയിലും ഏറെ അനുകരിക്കപ്പെട്ട വി എസ്
Wednesday, July 23, 2025 3:02 AM IST
തൃശൂർ: മിമിക്രിയിലും സിനിമയിലും ഒരുപാട് അനുകരിക്കപ്പെട്ടിട്ടുണ്ട് വി.എസ്. അച്യുതാനന്ദൻ എന്ന നേതാവും മുഖ്യമന്ത്രിയും. തികച്ചും വ്യത്യസ്തമായ ശരീരഭാഷയും സംസാരരീതിയുംകൊണ്ട് വേറിട്ടുനിന്ന വിഎസിനെ കൊച്ചുകുട്ടികൾവരെ മിമിക്രി വേദികളിൽ അവതരിപ്പിച്ചു.
വിഎസിന്റെ നീട്ടിക്കുറുക്കിയുള്ള സംസാരരീതി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെ മിമിക്രിവേദികളിൽ പലതവണ ഉയർന്നിട്ടുണ്ട്.
ചാനലുകളിലെ പല ഹാസ്യപരിപാടികളിലും കോമഡി റിയാലിറ്റി ഷോകളിലും വിഎസ് പലതരത്തിൽ പലരാലും അനുകരിക്കപ്പെട്ടു. സൂപ്പർഹിറ്റ് സിനിമാഗാനങ്ങൾ വിഎസ് പാടിയാൽ എങ്ങനെയിരിക്കും എന്നുവരെ അനുകരണകലയിലെ പ്രതിഭകൾ അവതരിപ്പിച്ചു.
വിഎസും പിണറായിയും തമ്മിലുള്ള വർത്തമാനങ്ങൾ കോർത്തിണക്കി മിമിക്രി ചെയ്തവരുമുണ്ടായിരുന്നു. പെട്ടെന്ന് ആളുകളിലേക്കു കമ്യൂണിക്കേറ്റ് ചെയ്യുന്ന ശബ്ദവും മോഡുലേഷനുമായിരുന്നു വിഎസിന്റേതെന്നും അധികം ബുദ്ധിമുട്ടില്ലാതെതന്നെ അനുകരിക്കാൻ കഴിയുന്നതായിരുന്നു ആ ശബ്ദമെന്നും മിമിക്രി കലാകാരൻമാർ പറയുന്നു.
മലയാളസിനിമകളിലും വിഎസിനെ അനുകരിച്ചുള്ള കഥാപാത്രങ്ങളുണ്ടായി. രണ്ജി പണിക്കർ സംവിധാനം ചെയ്ത രൗദ്രം സിനിമയിൽ ജനാർദനൻ അവതരിപ്പിച്ച കേരള മുഖ്യമന്ത്രിക്ക് വിഎസുമായി വളരെ അടുത്ത സാദൃശ്യമുണ്ടായിരുന്നു. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുമായി സിനിമയിലെ മുഖ്യമന്ത്രിയെ താരതമ്യംചെയ്തത് ഏറെ ചർച്ചയായിരുന്നു.
ഓഗസ്റ്റ് ഒന്ന് എന്ന സിനിമയിൽ പാർട്ടിക്കുള്ളിലെ ഭിന്നതയും, പാർട്ടിസെക്രട്ടറിയും മുഖ്യമന്ത്രിയും രണ്ടുതട്ടിലാണെന്ന പ്രചാരണവുമെല്ലാം ചർച്ചചെയ്തപ്പോൾ അതിലെ മുഖ്യമന്ത്രിയായി വേഷമിട്ട നെടുമുടി വേണുവിനു വിഎസിന്റെ മാനറിസങ്ങളെല്ലാമുണ്ടായിരുന്നു.
ടൈഗർ എന്ന സിനിമയിൽ മുഖ്യമന്ത്രിയെ അവതരിപ്പിച്ച രാജൻ പി. ദേവും ആയുധം എന്ന സിനിമയിലെ മുഖ്യമന്ത്രിയെ അവതരിപ്പിച്ച തിലകനുമെല്ലാം വിഎസിന്റെ നിഴൽ അവരുടെ കഥാപാത്രങ്ങളിലേക്ക് ആവാഹിച്ചിരുന്നു.
രാഷ്ട്രം എന്ന സിനിമയിലും വിഎസിനെ സൂചിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് ഗോപാലൻ എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചതു തിലകനായിരുന്നു. ഗോപാലൻ ജയിക്കുന്പോൾ പാർട്ടി തോൽക്കും, പാർട്ടി ജയിക്കുന്പോൾ ഗോപാലൻ തോൽക്കും എന്നൊരു ഡയലോഗും അതിലുണ്ടായിരുന്നു.
അങ്ങനെ അനുകരണകലയിലും സിനിമയിലും വിഎസ് എന്നുമൊരു സൂപ്പർസ്റ്റാർ തന്നെയായിരുന്നു.