ലഹരിക്കെതിരേ മിനി മാരത്തൺ ഓഗസ്റ്റ് 15ന്
Wednesday, July 23, 2025 3:02 AM IST
കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും ദീപികയും സിഎംഎസ് കോളജും, മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം ഇല്ലാതാക്കാനും പൊതുജനങ്ങൾക്ക് അവബോധം നൽകാനുമായി സർക്കാർ രൂപംനൽകിയ വിമുക്തി മിഷനും ചേർന്ന് നടത്തുന്ന മിനി മാരത്തൺ മൂന്നാം സീസൺ ഓഗസ്റ്റ് 15ന്.
തെള്ളകം കാരിത്താസ് മാതാ ആശുപത്രിക്ക് സമീപത്തുള്ള ഹൊറൈസൺ മോട്ടോഴ്സ് അങ്കണത്തിൽനിന്നു രാവിലെ 6.30ന് ആരംഭിക്കുന്ന മിനി മാരത്തൺ 9.2 കിലോമീറ്റർ പിന്നിട്ട് ദീപിക കേന്ദ്ര ഓഫീസിനു മുന്നിലൂടെ സിഎംഎസ് കോളജിൽ സമാപിക്കും. ലഹരിക്കെതിരേ ദീപികയും ദീപിക ബാലസഖ്യവും ദീപിക ഫ്രണ്ട്സ് ക്ലബ്ബും ചേർന്നു നത്തുന്ന ‘കിക്ക് ഔട്ട്’ പ്രോഗ്രാമിന്റെ ഭാഗമായാണ് മിനി മാരത്തൺ മൂന്നാം സീസണിൽ സഹകരിക്കുന്നത്.
മുൻ സൈനികനും നടനും സംവിധായകനുമായ മേജർ രവി മുഖ്യാതിഥിയാകും. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് ലഹരി വിരുദ്ധസന്ദേശം നൽകും.
സ്റ്റോപ് ഡ്രഗ്സ്, സേവ് ലൈഫ്സ് എന്നതാണ് ഇത്തവണത്തെ മിനി മാരത്തണിന്റെ സന്ദേശം. ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.
സിഎംഎസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാരും എൻസിസി കേഡറ്റുകളും ഹൊറൈസൺ ജീവനക്കാരും മാരത്തൺ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യസഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും.
പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും.
ഒന്നാമതെത്തുന്ന വനിതാ, പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ കാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ, വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10000, 5000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും.
50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ, വനിതാ വിജയികൾക്ക് 5000 രൂപ വീതമാണ് കാഷ് പ്രൈസ്. ഫിനിഷിംഗ് പോയിന്റിൽ ഓടിയെത്തുന്ന എല്ലാവർക്കും മെഡലുകൾ നൽകും. മുൻ വർഷങ്ങളിലേതുപോലെ തന്നെ മത്സരാർഥികൾക്ക് ടീഷർട്ടും പ്രഭാതഭക്ഷണവും ക്രമീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
മുൻ വർഷങ്ങളിൽ നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ കെനിയയിൽ നിന്നുള്ള താരങ്ങളടക്കം മാരത്തണിൽ പങ്കെടുത്തു.
ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ അണി നിരന്നു. രജിസ്റ്റർ ചെയ്യാൻ: cms college.ac.in/cms-horizon-marathon-2025/ കൂടുതൽ വിവരങ്ങൾക്ക്: 9847266166.