കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് ജാമ്യം
Wednesday, July 23, 2025 3:02 AM IST
കൊച്ചി: 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പോലീസുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റാരോപിതനായ പോലീസ് ഓഫീസര്‍ക്ക് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7(എ) പ്രകാരമാണു ജാമ്യം അനുവദിച്ചത്.
ഒരു കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്കുന്നതിനു പകരമായി പോലീസ് ഉദ്യോഗസ്ഥന് രണ്ടു തവണ മൊബൈല്‍ ഫോണ്‍ വഴി പരാതിക്കാരനില്‍നിന്നു 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണു കേസ്.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പരാതിക്കാരനില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തെന്നു വ്യക്തമായതിനാല്‍ പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ നിരീക്ഷിച്ചു.
ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നയാളാണെന്നും കഴിഞ്ഞ രണ്ടുമുതല്‍ കസ്റ്റഡിയിലാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.