പോരാട്ടവീര്യം തളര്‍ത്താന്‍ പ്രായത്തിനാകില്ലെന്നു തെളിയിച്ച നേതാവ്: വി.ഡി. സതീശന്
Wednesday, July 23, 2025 3:02 AM IST
കൊച്ചി: പ്രായം ഒരിക്കലും പോരാട്ടവീര്യത്തിനു തടസമാകില്ലെന്ന സന്ദേശം കേരളത്തിനു നല്കിയ നേതാവാണ് വി.എസ്. അച്യുതാനന്ദനെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിപക്ഷനേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പ്രതിപക്ഷമായിരുന്നു.
കലഹിക്കേണ്ടയിടങ്ങളില് കലഹിച്ചും നിലപാടുകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെയും സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങാതെയും പാര്‍ട്ടിയുടെ ചട്ടക്കൂടിനെപ്പോലും മറികടന്ന് തന്റേതായ വഴിയിലൂടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചത്.
പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍പ്പോലും അദ്ദേഹത്തിനു ബോധ്യം വന്നാല്‍ അനുകൂലമായ നടപടി സ്വീകരിക്കും. നെടുമ്പാശേരി അത്താണിയില്‍ 200 കോടി വിലമതിക്കുന്ന ഭൂമി അഞ്ചരക്കോടിക്ക് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു നല്കിയ സര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണു മുഖ്യമന്ത്രിയായിരിക്കേ വിഎസ് തിരിച്ചുപിടിച്ചത്. ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തെ കൊള്ളയടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തോടൊപ്പമായിരുന്നു വിഎസിന്റെ മനസ് നിലകൊണ്ടതെന്നും സതീശന് പറഞ്ഞു.