സംസ്ഥാന കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: കാർഷികോത്പാദന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകർക്ക് സംസ്ഥാന സർക്കാർ നൽകി വരുന്ന സംസ്ഥാന കർഷക അവാർഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക (50000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്), കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് (ഫലകം, സർട്ടിഫിക്കറ്റ്), അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കുന്ന കൃഷിഭവന് നൽകുന്ന അവാർഡ് (ഒരു ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്), വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കൃഷി ജോയിന്റ് ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഫലകം, സർട്ടിഫിക്കറ്റ്), എൻജിനിയർ-കൃഷി (ഫലകം, സർട്ടിഫിക്കറ്റ്) എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ.
കഴിഞ്ഞ വർഷം നൽകിയ 40 വിഭാഗങ്ങളിലെ അവാർഡുകൾ ഉൾപ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിർദേശം ക്ഷണിച്ചിരിക്കുന്നത്. കർഷകർ അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ 23നകം സമർപ്പിക്കണം. അപേക്ഷയും കൂടുതൽ വിവരങ്ങളും കൃഷി വകുപ്പ് വെബ്സൈറ്റായ www.keralaagriculture.gov.in -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.