ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ അന്തരിച്ചു
Wednesday, July 23, 2025 3:02 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത വികാരിജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി ഡയറക്ട റുമായിരുന്ന ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പില്‍ (85) അന്തരിച്ചു. സംസ്കാരം 25ന് രാവിലെ ഒമ്പതിന് ഇത്തിത്താനത്തുള്ള സഹോദരപുത്രന് തോമസുകുട്ടി മാത്യുവിന്റെ ഭവനത്തില്‍ ആരംഭിക്കും.
10.15ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, അര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കും. 1940 ഒക്ടോബര്‍ 15ന് ഇത്തിത്താനം കുറിഞ്ഞിപ്പറമ്പില്‍ മാത്യു കുര്യന്-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. 1967 മാര്‍ച്ച് 13ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു.
കട്ടപ്പന (അസിസ്റ്റന്റ്), മുട്ടാര്‍ ന്യു, കിളിരൂര്‍, വെരൂര്‍, വായ്പൂര് ന്യു, ആര്യങ്കാവ്, കുറുമ്പനാടം അസംപ്ഷന്‍ ഇടവകകളിലും അമ്പൂരി, തിരുവനന്തപുരം, തൃക്കൊടിത്താനം ഫൊറോനകളിലും വികാരിയായി സേവനം അനിഷ്ഠിച്ചു. 2007 മുതല്‍ 2012വരെ അതിരൂപത വികാരിജനറാളായി സേവനം അനുഷ്ഠിച്ച അദ്ദേഹം രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചു.