വിഎസിനെ അനുസ്മരിച്ച് പ്രമുഖർ
Wednesday, July 23, 2025 3:02 AM IST
എം.എ. യൂസഫലി
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അന്ത്യാഞ്ജലിയർപ്പിച്ചു. തിരുവനന്തപുരം ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. താനുമായി ആത്മബന്ധം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവാണ് വിഎസെന്നും അദ്ദേഹം പ്രവാസികൾക്കായി നടത്തിയത് മറക്കാനാകാത്ത ഇടപെടലെന്നും യൂസഫലി അനുസ്മരിച്ചു.
രമേശ് ചെന്നിത്തല
വി.എസ്. അച്യുതാനന്ദന് സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍. പുറമേക്കു നോക്കുമ്പോള്‍ വലിയ കര്‍ക്കശക്കാരന്‍, ധാര്‍ഷ്ട്യമായി പെരുമാറുന്നയാള്‍, ആരെയും കൂസാത്തയാള്‍ തുടങ്ങി പ്രതികൂലമായ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരുദ്ധ ചേരിയില്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കകത്തും ഇതൊക്കെത്തന്നെയായിരുന്നു വിഎസിന്റെ വിശേഷണങ്ങള്‍.
ഒരു പരിധിവരെ മാധ്യമങ്ങളും ഇത്തരത്തില്‍ അദ്ദേഹത്തെ വിലയിരുത്തിയിരുന്നു.എന്നാല്‍ അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ളവരുടെ മനസില്‍ അച്യുതാനന്ദനു മറ്റൊരു മുഖം കൂടിയുണ്ട്. സ്നേഹത്തിന്റെ, കരുതലിന്റെ, വാത്സല്യത്തിന്റെ, കറകളഞ്ഞ കമ്യൂണിസത്തിന്റെ, സര്‍വോപരി മനുഷ്യത്വത്തിന്റെയൊക്കെ തെളിമയാര്‍ന്ന മുഖം.
പറഞ്ഞുകേട്ടതിനപ്പുറം, അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യ മുഖങ്ങള്‍ അടുത്തു നിന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍. അച്യുതാനന്ദന്റെ രാഷ്ട്രീയത്തെയും അദ്ദേഹത്തിന്റെ നിലപാടുകളെയും ഞാനടക്കം വിരുദ്ധ പക്ഷത്തുള്ളവര്‍ പരസ്യമായി എതിര്‍ത്തിട്ടുണ്ട്. ഭിന്ന ചേരിയിലുള്ള രാഷ്ട്രീയ പക്ഷത്തു നിന്നുയരുന്ന വിമര്‍ശനങ്ങളാണ് അവയെന്നു വിഎസ് മനസിലാക്കിയിരുന്നു.
രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചിരുന്നു. കടുത്ത കമ്യൂണിസ്റ്റുകാരനായിരിക്കുമ്പോഴും ആര്‍ദ്രമായ മനസിന്റെ ഉടമയായിരുന്നു വിഎസ് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു നൂറ്റാണ്ടു കാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസില്‍ ജ്വലിച്ചു നിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരളരാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും.
ശ്രേഷ്ഠ കാതോലിക്ക ബാവ
പുത്തൻകുരിശ്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവ അനുശോചിച്ചു.
കേരള രാഷ്ട്രീയത്തിലെ അതികായകനും സമാനതകളില്ലാത്ത ഇതിഹാസവുമായിരുന്നു വിഎസെന്നു ശ്രേഷ്ഠ കാതോലിക്ക പറഞ്ഞു. അദ്ദേഹത്തിന്റെ ദേഹവിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് സഭയുടെ അനുശോചനവും പ്രാർഥനയും അറിയിക്കുന്നതായും ശ്രേഷ്ഠ കാതോലിക്ക പറഞ്ഞു
കെസിഎഫ്
കൊച്ചി: മുന്‍ മുഖ്യമന്തി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ കേരള കാത്തലിക് അസോസിയേഷന് (കെസിഎഫ്) അനുശോചനം രേഖപ്പെടുത്തി. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെയും കര്‍ഷകരുടെയും ദളിതരുടെയും തൊഴിലാളികളുടെയും അവകാശ പോരാട്ടങ്ങളുടെ മുന്‍നിര നായകനായിരുന്നു അദ്ദേഹമെന്ന് കെസിഎഫ് അനുസ്മരിച്ചു. സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കെആർഎൽസിസി
കൊച്ചി: ജനഹൃദയങ്ങളിൽ അതുല്യസ്ഥാനം നേടിയ ജനകീയനേതാവായിരുന്നു വിഎസെന്ന് കെആർഎൽസിസി. മൂല്യാധിഷ്ഠിത ജീവിതം നയിച്ച രാഷ്ട്രീയക്കാരിലെ അവസാന കണ്ണികളിലൊരാളാണു കാലയവനികയിൽ മറയുന്നത്. തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനായി വിട്ടുവീഴ്ചകൾക്കു തയാറാകാതെ എന്നും വിഎസ് നിലകൊണ്ടു. കേരളത്തിന്റെ സാമൂഹിക മുന്നേറ്റ ചരിത്രത്തിൽ വിഎസ് അവിസ്മരണീയ വ്യക്തിത്വമാണെന്നും കെആർഎൽസിസി അനുസ്മരിച്ചു.
അഡ്വ. കെ.ജി. അനിൽകുമാർ
കൊച്ചി: സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കായി പാർട്ടി നോക്കാതെ പ്രവർത്തിച്ച യഥാർഥ കമ്യൂണിസ്റ്റ് നേതാവും മികച്ച മുഖ്യമന്ത്രിയുമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് ഐസിഎൽ ഫിൻകോർപ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ അനുസ്മരിച്ചു. ഒരു കമ്യൂണിസ്റ്റ് എന്നതിലുപരി മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്കും അദ്ദേഹം മാതൃകയായി.
അദ്ദേഹത്തിന്റെ വിയോഗം നാടിനു നികത്താനാകാത്ത നഷ്ടമാണെന്നും അനിൽകുമാർ അനുസ്മരിച്ചു.