ആദിവാസി കുടുംബത്തിലെ 21 അംഗങ്ങൾ കഴിയുന്നത് ഒരു വീട്ടിൽ : സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
1592200
Wednesday, September 17, 2025 4:55 AM IST
നിലന്പൂർ: ദീപിക വാർത്തയിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. "മൂന്ന് മുറിയുള്ള വീട്ടിൽ താമസിക്കുന്നത് 21 പേർ' എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്.
നിലന്പൂർ അകന്പാടം പാറേക്കാട് നഗറിലെ ചെറിയ വീട്ടിൽ താമസിക്കുന്ന 21 പേരുടെ ദയനീയ സ്ഥിതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് മലപ്പുറം കളക്ടർക്ക് നിർദേശം നൽകി. നിലന്പൂർ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡവലപ്പ്മെന്റ്-പ്രോജക്ട് ഓഫീസറും വിഷയം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഒക്ടോബർ ഒന്പതിന് തിരൂർ
പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പട്ടികവർഗ വിഭാഗക്കാരിയായ കുറുന്പിയമ്മയുടെ കുടുംബമാണ് ദുരവസ്ഥ അനുഭവിക്കുന്നത്. 21 പേരെ ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ ചിലർ പഞ്ചായത്ത് അനുവദിച്ച ആട്ടിൻകൂട്ടിലാണ് കിടന്നുറങ്ങുന്നത്. സ്ഥലമില്ലാത്തതിനാൽ താൻ ഇരുന്നുറങ്ങുകയാണ് ചെയ്യുന്നതെന്നും കുറുന്പിയമ്മ "ദീപിക’യോട് പറഞ്ഞിരുന്നു.
ഭൂമിക്കും വീടിനും വേണ്ടി അപേക്ഷ നൽകാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് കുറുന്പിയമ്മ പറഞ്ഞു. ദീപിക വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.