മന്ത്രി പിൻമാറിയതോടെ കുടിവെള്ള പദ്ധതിക്ക് ജനകീയ ഉദ്ഘാടനം
1591793
Monday, September 15, 2025 5:30 AM IST
മഞ്ചേരി : പയ്യനാട് തടപ്പറന്പ് കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി പിൻമാറിയതോടെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ജനകീയമായി ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ്, യുഡിഎഫ് തർക്കത്തെ തുടർന്നാണ് മന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നത്. ഘോഷയാത്രയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പയ്യനാട് ചോലക്കലിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്ഘാടനം. പ്രാദേശിക മുസ്ലിം ലീഗ് പ്രവർത്തകരെ കൂടി പങ്കെടുപ്പിച്ചായിരുന്നു ചടങ്ങ്. നഗരസഭാധ്യക്ഷ ഉൾപ്പെടെയുള്ളവർ പദ്ധതി മുടക്കാൻ പലതവണ ശ്രമം നടത്തിയെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.
പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ തയാറായവരെ പിന്തിരിപ്പിച്ചു. കുടിവെള്ള പദ്ധതിയുടെ അജണ്ട കൗണ്‍സിൽ യോഗത്തിൽ വയ്ക്കാതെ നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. പ്രതിഷേധം ഉയർന്നതോടെയാണ് കൗണ്‍സിൽ യോഗത്തിൽ അജണ്ട വച്ചതെന്നും കൗണ്‍സിലർ മരുന്നൻ സാജിദ് ബാബു പറഞ്ഞു.
പദ്ധതിക്കായി ഭൂമി വിട്ടു നൽകിയ ഹസൻ കുഞ്ഞിമൊയ്തീൻ കുരിക്കൾ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ മുൻ അധ്യക്ഷൻ അസൈൻ കാരാട്ട് അധ്യക്ഷത വഹിച്ചു. ഫാ. നിധിൻ കരിതോളിൽ, കെ. ഉബൈദ്, വി.പി. അസ്കർ, എഡ്വിൻ തോമസ്, ജസീൽ, മാനു തങ്ങൾ, പി.എൻ. ഹനീഫ, ഡോ. ഫായിസ്, നഗരസഭാ എൽഡിഎഫ് കൗണ്‍സിലർമാർ പങ്കെടുത്തു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. സ്വാഗതസംഘ രൂപീകരണത്തിനായി ചേർന്ന യോഗത്തിൽ ഉദ്ഘാടന വേദിയെച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് കൗണ്‍സിലർമാർ തമ്മിൽ തർക്കമുണ്ടായതോടെ മന്ത്രി ഉദ്ഘാടന ചടങ്ങിൽ നിന്ന് പിൻമാറുകയായിരുന്നു.
തർക്കം തീരാതെ ചടങ്ങ് നടത്തേണ്ടെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്ടർ അഥോറിറ്റി പ്രൊജക്ട് വിഭാഗത്തിന് നിർദേശവും ലഭിച്ചു. ഇതോടെയാണ് കഴിഞ്ഞദിവസം ജില്ലയിൽ മൂന്നിടങ്ങളിൽ മന്ത്രി റോഷി അഗസ്റ്റിന് കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തിട്ടും മഞ്ചേരിയിൽ നിന്ന് വിട്ടുനിന്നത്.