ഏലംകുളത്ത് "ഹർ ഘർ ജൽ’ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു
1591290
Saturday, September 13, 2025 5:38 AM IST
ഏലംകുളം: ഏലംകുളം ഗ്രാമപഞ്ചായത്തിലെ ഹർ ഘർ ജൽ പ്രഖ്യാപനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും കുടിവെള്ളം ലഭ്യമാക്കിയതിന്റെ പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. കേന്ദ്ര, സംസ്ഥാന പദ്ധതിയായ ജൽ ജീവൻ മിഷൻ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ഏലംകുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
ഏലംകുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബു, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത പള്ളത്ത്,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.പി. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഫസീല മാജിദ്, വാട്ടർ അഥോറിറ്റി ഉത്തരമേഖല ചീഫ് എൻജിനിയർ പി.എസ്. പ്രദീപ്, സൂപ്രണ്ടന്റ് എൻജിനിയർ എസ്. സത്യവിത്സൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.