നിലപാട് കടുപ്പിച്ച് വനംവകുപ്പ് : വനം ഡിപ്പോകളിൽ വ്യാപാരികൾക്കുൾപ്പെടെ നിയന്ത്രണം
1590525
Wednesday, September 10, 2025 5:58 AM IST
നിലന്പൂർ: വനംവകുപ്പ് ഡിപ്പോകളിൽ വ്യാപാരികളുടെയും ഏജന്റുമാരുടെയും കച്ചവടത്തിന് തടയിട്ട് വനം ടിന്പർ സെയിൽ വിഭാഗം. വനംവകുപ്പിന് പാലക്കാട് ടിന്പർ സെയിൽസ് ഡിവിഷന് കീഴിൽ മലപ്പുറം ജില്ലയിൽ രണ്ട് അംഗീകൃത തടി ഡിപ്പോകളാണുള്ളത്. നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയും കരുളായി നെടുങ്കയം ടിന്പർ സെയിൽസ് ഡിപ്പോയും.
ഈ ഡിപ്പോകളിൽ നിലവിൽ ഇ- ലേലങ്ങളാണ് നടക്കുന്നത്. ഡിപ്പോകളിൽ നിന്ന് വനംവകുപ്പിന്റെ അംഗീകൃത വ്യാപാരികളാണ് കൂടുതൽ മരങ്ങൾ വിളിച്ചെടുക്കുന്നത്. വിളിച്ചെടുക്കുന്ന തടികൾ ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്താനാണ് വ്യാപാരികളും ഏജന്റുമാരും ഡിപ്പോകളിൽ തന്പടിച്ചിരുന്നത്. ഇത് ഡിപ്പോയിലെ ചില്ലറ വിൽപ്പനയെ കാര്യമായി ബാധിച്ചതോടെയാണ് ഡിപ്പോ അധികൃതർ നിലപാട് കടുപ്പിച്ചത്.
വ്യാപാരികളുടെയും ഏജന്റുമാരുടെയും സാന്നിധ്യം ഡിപ്പോകൾക്ക് പുറത്തായതോടെ ഡിപ്പോകളിലെ ചില്ലറ വിൽപ്പന സജീവമായി. ചെറിയ ലാഭം മാത്രമെടുത്ത് വർഷങ്ങളായി തടിക്കച്ചവടം നടത്തുന്ന വ്യാപാരികൾക്കും കച്ചവടം കൂടിയതോടെ നിലന്പൂർ തേക്കുകളുടെ ആവശ്യക്കാർക്ക് സർക്കാർ വിലയിൽ തേക്ക് തടികൾ ലഭിക്കുന്നതിനും അവസരമായി.
നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും കരുളായി നെടുങ്കയം ടിന്പർ സെയിൽസ് ഡിപ്പോയിലും ലേലത്തിന് വയ്ക്കുന്നത് 90 ശതമാനവും നിലന്പൂർ തേക്കുകളാണ്. കൂടാതെ ഈട്ടി, ഇരുൾ, പാഴ്മരങ്ങൾ എന്നിവയും ലേലത്തിനുണ്ടാകും. തങ്ങൾ വിളിച്ചെടുക്കുന്ന നിലന്പൂർ തേക്കുകൾ ഉൾപ്പെടെ ഡിപ്പോക്കുള്ളിൽ വച്ച് തന്നെ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെയും അവരുടെ ഏജന്റുമാരുടെയും കച്ചവടം കൂടി വന്ന സാഹചര്യത്തിലാണ് കരുളായി നെടുങ്കയം ടിന്പർ സെയിൽസ് ഡിപ്പോയിൽ പ്രവേശിക്കുന്ന വ്യാപാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
തുടർന്ന് നിലന്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യാപാരികൾക്കും തേക്ക് തടികൾ വാങ്ങാൻ എത്തുന്നവർക്കും നിലവിൽ പേരും ഫോണ് നന്പറും നൽകി വേണം ഡിപ്പോയിൽ പ്രവേശിക്കാൻ. നിലവിൽ ഒരു വർഷത്തേക്ക് ലേലം ചെയ്യാനുള്ള തടികൾ രണ്ട് ഡിപ്പോകളിലുമുണ്ട്.
വ്യാപാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തേക്കിന്റെ ആവശ്യക്കാർക്ക് വ്യാപാരികളുടെ ഓഫീസുകളിലെത്തി തടികൾ വാങ്ങാനാകും. വനം വകുപ്പ് നടപടിക്ക് എതിരേ വ്യാപാരികളിൽ ഒരു വിഭാഗം അമർഷത്തിലാണെങ്കിലും വനംവകുപ്പ് നിലപാട് കർശനമാക്കിയിരിക്കുകയാണ്.