അങ്ങാടിപ്പുറത്ത് യാത്രക്കാർ പാളം മുറിച്ച് കടക്കുന്നത് പതിവാകുന്നു
1590839
Thursday, September 11, 2025 7:46 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ, നിർത്തിയിട്ടിരിക്കുന്ന തീവണ്ടികളിൽ ഇരിപ്പിടം ലഭിക്കുന്നതിന് എതിർദിശകളിലൂടെ പാളം മുറിച്ച് കടന്ന്വണ്ടികളിൽ കയറിപ്പറ്റുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ഹാൾട്ടിംഗ് സ്റ്റേഷൻ കൂടിയായ അങ്ങാടിപ്പുറത്ത് ഷൊർണൂർ ഭാഗത്തേക്കും നിലന്പൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകൾ ക്രോസ് ചെയ്യുന്നത് അങ്ങാടിപ്പുറം സ്റ്റേഷനിൽ വച്ചാണ്.
ഏതെങ്കിലും ഭാഗത്തേക്കുള്ള ട്രെയിൻ കാലതാമസം വരുകയാണെങ്കിൽ ആ ട്രെയിൻ കൂടി വന്നതിന് ശേഷമേ നിർത്തിയിട്ട ട്രെയിനിന് പോകാനാകൂ. ഇലക്ട്രിക് സംവിധാനം വന്നതോടെ വരുന്ന ട്രെയിനുകളുടെ ശബ്ദം പോലും വളരെ ശ്രദ്ധിച്ചാൽ മാത്രമേ കേൾക്കാനാകൂ.
വേഗതയിൽ വരുന്ന ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഇരിപ്പിടം തേടി റെയിൽവേ ലൈൻ മുറിച്ച് കടന്ന് സമീപത്ത് നിർത്തിയിട്ട ട്രെയിനിൽ കയറാനുള്ള നീക്കമാണ് അപകടത്തിന് വഴിവയ്ക്കുന്നത്. ഇത്തരത്തിൽ കയറുന്ന യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് സംഭവിക്കുക. അതുപോലെ അങ്ങാടിപ്പുറത്തെ രണ്ട് പ്ലാറ്റ്ഫോമുകളിലുമായി എത്തുന്ന യാത്രക്കാർ ഭൂരിഭാഗവും എഫ്സിഐ റോഡിലൂടെയാണ് ദേശീയപാതയിലേക്ക് എത്തുന്നത്. ഈ യാത്രക്കാരും പാളം കടന്നുവേണം എഫ്സിഐ റോഡിലേക്ക് പ്രവേശിക്കുവാൻ.
ഇങ്ങനെ പാളം കടന്നുപോകുന്ന യാത്രക്കാരും ശ്രദ്ധിച്ചില്ലെങ്കിൽ അപകടസാധ്യത ഏറെയാണ്. പ്രത്യേകിച്ച് പ്രായമേറിയവർ. കഴിഞ്ഞ ദിവസം ഷൊർണൂരിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിൽ തലനാരിഴക്കാണ് ഏതാനും സ്ത്രീ യാത്രക്കാർ രക്ഷപ്പെട്ടത്.
രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്പാത്ത് ഓവർ ബ്രിഡ്ജിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയായെങ്കിലേ ഇതിന് പരിഹാരമാകൂ. യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിനിടയാക്കും.