പോക്സോ കേസ്: കരാട്ടെ പരിശീലകന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
1590530
Wednesday, September 10, 2025 5:58 AM IST
മഞ്ചേരി: കരാട്ടെ പരിശീലനത്തിനായെത്തിയ വിദ്യാർഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി സ്പെഷൽ പോക്സോ കോടതി (ഒന്ന്) തള്ളി. വാഴക്കാട് ഊർക്കടവ് വലിയാട്ട് വീട്ടിൽ സിദ്ദീഖ് അലി (48)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജ് എ.എം. അഷ്റഫ് തള്ളിയത്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2024 ഏപ്രിൽ അഞ്ചിന് അറസ്റ്റിലായ പ്രതിക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
ജില്ലാ കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്ന് 2024 ഒക്ടോബറിൽ പ്രതി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. കാപ്പ ചുമത്തപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലിലും പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലുമായി റിമാൻഡിൽ കഴിഞ്ഞുവരുന്ന പ്രതി വീണ്ടും വിചാരണ കോടതിയിൽ ജാമ്യഹർജി നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷയും കോടതി തള്ളിയിരുന്നു.
വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിയുടെ ഫോണ്‍ പരിശോധനക്കയച്ച് ഫലം എത്താൻ സമയമെടുക്കുമെന്നതിനാലും ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയടക്കം തള്ളിയതിനാലും പ്രതി സ്ഥിരം കുറ്റവാളിയാണെന്നതിനാലും പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നുമുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരന്റെ വാദം അംഗീകരിച്ചാണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചത്.