ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മഞ്ചേരിയിൽ ഇന്ന് തുടക്കം
1590535
Wednesday, September 10, 2025 5:59 AM IST
മഞ്ചേരി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ഇന്ന് മഞ്ചേരിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും വീടുകളിലും ക്ഷേത്ര സങ്കേതങ്ങളിലും രാവിലെ ഏഴിന് പതാകകൾ ഉയർത്തും. രാവിലെ 10 ന് മഞ്ചേരി വേട്ടേക്കോട് കുഴിയേങ്ങൽ നാരായണന്റെ ഗോശാലയിൽ മഹാ ഗോ വന്ദനവും ഗോപാലകനെ ആദരിക്കലും നടക്കും.
വൈകുന്നേരം 5.30ന് ഹിൽട്ടണ്‍ കണ്വൻഷൻ സെന്ററിൽ നടക്കുന്ന കൃഷ്ണായനം സാംസ്കാരിക സമ്മേളനം മനഃശാസ്ത്ര ഡോക്ടറും ഓടക്കുഴൽ വാദകനുമായ ഡോ. ടി.എം. രഘുറാം ഉദ്ഘാടനം ചെയ്യും. സനാതന ധർമ പ്രഭാഷകനായ എസ്.സതീഷ് ഗ്രാമം "തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.
14 ന് വൈകുന്നേരം 3.30 ന് അരുകിഴായ ശിവക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന മഹാശോഭായാത്ര നഗരം ചുറ്റി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും. മഹാശോഭായാത്രയിൽ ഉറിയടി, ഗോപികാ നൃത്തം, നിശ്ചലദൃശ്യങ്ങൾ, ഭജന സംഘങ്ങൾ എന്നിവ ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ പി.ജി. ഉദയഭാനു, രാധാകൃഷ്ണൻ കിഴക്കാത്ര, കെ. നാരായണൻ, രാജു കോട്ടുപറ്റ, കെ.വി. സത്യൻ എന്നിവർ പങ്കെടുത്തു.