എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയിൽ അഴിമതി ആരോപണം
1591293
Saturday, September 13, 2025 5:38 AM IST
വണ്ടൂർ: വണ്ടൂർ അങ്ങാടിയിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എംഎൽഎ ഫണ്ട് വിനിയോഗിച്ച് നടക്കുന്ന പ്രവൃത്തിയിൽ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ച് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു രംഗത്ത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ അറിയാതെ അക്രഡിറ്റഡ് ഏജൻസി വഴി നടത്തുന്ന പ്രവൃത്തിയിൽ അഴിമതി മുന്നിൽ കണ്ടുള്ള അവസരമാണ് എംഎൽഎ ഒരുക്കിയിരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.
നിലവിൽ ടാക്സി സ്റ്റാൻഡായി ഉപയോഗിച്ചുവരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡ് സ്ഥലത്താണ് എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം വകയിരുത്തിയുള്ള പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതോടെ ഇവിടം ടാക്സി സ്റ്റാൻഡായി ഉപയോഗിച്ച് വരുന്ന ഡ്രൈവർമാർ ദുരിതത്തിലായിരിക്കുകയാണ്.
പ്രവൃത്തി പൂർത്തിയായാൽ പഴയപടി തങ്ങളുടെ വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യാനുള്ളഅവസരം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. ഏകദേശം നാൽപ്പതോളം വാഹനങ്ങളാണ് പാർക്ക് ചെയ്തിരുന്നത്. ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമായതോടെയാണ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ഭാരവാഹികൾ രംഗത്തെത്തിയത്. ഇവരുടെ നേതൃത്വത്തിൽ പ്രവൃത്തികൾ നടക്കുന്ന സ്ഥലം സന്ദർശിച്ചു.
ഉയരത്തിന്റെ കാര്യത്തിൽ അടക്കം മാറ്റങ്ങൾ വരുത്തണമെന്ന് കരാറുകാരോട് നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. എന്നാൽ നിർമാണത്തിന്റെ മറവിൽ തീവെട്ടി കൊള്ള നടത്തുകയാണെന്ന് സിഐടിയു നേതാവ് എം. മോഹൻദാസ് ആരോപിച്ചു. നിലവിൽ നടക്കുന്ന പ്രവൃത്തികൾ അശാസ്ത്രീയമാണെന്നും ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അഡ്വ. അനിൽ ആരോപിച്ചു.