വ്യവസായിക മുന്നേറ്റത്തിനായി എമർജിംഗ് മലപ്പുറം
1590830
Thursday, September 11, 2025 7:46 AM IST
മലപ്പുറം: വൻ വ്യവസായിക മുന്നേറ്റമെന്ന ലക്ഷ്യവുമായി 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം ഇന്ന് വൈകുന്നേരം നാലിന് മലപ്പുറം വുഡ്ബൈൻ ഫോളിയേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും.
20 കോടി മുതൽ 1500 കോടി വരെ നിക്ഷേപം നടത്തുന്നതിന് തയാറായ 30 സംരംഭകർ അവരുടെ പ്രൊജക്ടുകൾ അവതരിപ്പിക്കും. സ്പോർട്സ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ്. ഗോപകുമാർ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലയിലെ എംഎൽഎമാർ, എംപിമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ്, ജില്ലയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ, ജില്ലയിലെ പ്രധാന വകുപ്പുകളിലെ ഓഫീസ് മേധാവികൾ, വിവിധ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാർത്താസമ്മേളനവും വുഡ്ബൈൻ ഫോളിയേജിൽ നടക്കും.
2243.74 കോടി നിക്ഷേപവും 76521 തൊഴിലവസരങ്ങളുമായി സംരംഭക വർഷം പദ്ധതിയിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ഉയർന്നുവന്നത് മലപ്പുറം ജില്ലയിൽ നിന്നാണ്.