മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ശോഭനയുടെ വീട് എംഎൽഎ സന്ദർശിച്ചു
1590528
Wednesday, September 10, 2025 5:58 AM IST
വണ്ടൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച തിരുവാലി കോഴിപ്പറന്പ് സ്വദേശിനി ശോഭനയുടെ വീട് എ.പി. അനിൽകുമാർ എംഎൽഎ സന്ദർശിച്ചു. ബിരുദ പഠനം പൂർത്തിയാക്കിയ ഇവരുടെ മകൾക്ക് തുടർ പഠനത്തിനാവശ്യമായ സഹായങ്ങൾ എംഎൽഎ വാഗ്ദാനം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് എംഎൽഎ ഇവരുടെ വീട്ടിലെത്തിയത്. ശോഭനയുടെ മകളുമായും ബന്ധുക്കളുമായും എംഎൽഎ സംസാരിച്ചു.
തുടർന്നാണ് മകളുടെ തുടർ പഠനത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തത്. ആ സമയം അവിടെ എത്തിയ വാട്ടർ അഥോറിറ്റി ക്വാളിറ്റി കണ്ട്രോൾ ജില്ലാ ലാബിലെ സീനിയർ കെമിസ്റ്റ് എ.കെ. സജീഷിനോടും എംഎൽഎ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, വാർഡ് മെന്പർമാരായ കെ. നിർമല, പി. അഖിലേഷ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
വെള്ളത്തിന്റെ സാന്പിളുകൾ ശേഖരിച്ചു
വണ്ടൂർ: തിരുവാലി പഞ്ചായത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 55കാരി മരിച്ച സംഭവത്തിൽ വെള്ളത്തിന്റെ സാന്പിളുകൾ ശേഖരിച്ചു. വാട്ടർ അഥോറിറ്റി ക്വാളിറ്റി കണ്ട്രോൾ ജില്ലാ ലാബി(മഞ്ചേരി)ലെ സീനിയർ കെമിസ്റ്റ് എ.കെ. സജീഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിപ്പറന്പ് സ്വദേശിനിയായ മരണപ്പെട്ട ശോഭനയുടെ വീട്ടിലെത്തി വെള്ളത്തിന്റെ സാന്പിളുകൾ ശേഖരിച്ചത്.
ഈ ഭാഗത്തുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയിലെ ജലത്തിന്റെ അടക്കം ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം. സ്വന്തമായി കിണറില്ലാത്തതിനാൽ ശോഭനയുടെ വീട്ടുകാർ ഉപയോഗിക്കുന്ന തൊട്ടടുത്ത കിണറ്റിലെ വെള്ളം, ഇവിടെയുള്ള ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിലെ വെള്ളം, തൊട്ടടുത്തുള്ള രണ്ടു കിണറുകളിലെ വെള്ളം എന്നിവ പരിശോധനക്കായി ശേഖരിച്ചു.
അതേസമയം ഇന്നലെ വിതരണം നടക്കാത്തതിനാൽ ഈ ഭാഗത്തുള്ള വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയിലെ വെള്ളം ശേഖരിക്കാൻ ഇവർക്കായില്ല. അടുത്ത ദിവസം സംഘം ഇതിനായി ഇവിടേക്കെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്.