നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ ശീതികരിച്ച വിശ്രമമുറി സജ്ജമായി
1590838
Thursday, September 11, 2025 7:46 AM IST
നിലന്പൂർ: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരണം നടന്നുവരുന്ന നിലന്പൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമമുറി പ്രവർത്തനം തുടങ്ങി.
യാത്രക്കാർക്ക് ട്രെയിൻ വരുന്നതുവരെ എസി മുറിയിൽ വിശ്രമിക്കാം. ഒരു മണിക്കൂറിന് 30 രൂപയാണ് നിരക്ക്. ഫ്രഷപ്പ് ആകാനും കുളിക്കാനും ശൗചാലയം ഉപയോഗിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്. 35 സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
നല്ല വൃത്തിയുള്ള ശൗചാലയങ്ങളും സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെവ്വേറെ ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണ് ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ സൗജന്യമായി വൈഫൈ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ഏത് സമയത്ത് വരുന്ന യാത്രക്കാർക്കും ഈ സൗകര്യങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം. നിലവിൽ
നിലന്പൂരിൽ നിന്ന് പുലർച്ചെ 3.10 മുതൽ തീവണ്ടികൾ ഓടിത്തുടങ്ങുന്നുണ്ട്. രാത്രിയിലെ അവസാന വണ്ടി 10.05 നാണ് നിലന്പൂരിലെത്തുക.