സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പെണ്‍കുട്ടികൾ അരക്ഷിതരെന്ന്
1591292
Saturday, September 13, 2025 5:38 AM IST
വനിതാ കമ്മീഷൻ സിറ്റിംഗ് നടത്തി
മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിൽ 50 പരാതികൾ പരിഗണിച്ചു. 17 പരാതികൾ തീർപ്പാക്കി. 23 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. രണ്ട് പരാതികൾ ജാഗ്രത സമിതിയുടെ റിപ്പോർട്ട് തേടി.
എട്ട് കേസുകൾ പോലീസ് റിപ്പോർട്ടിനായി നൽകി. വിവാഹ ശേഷം ദന്പതികൾ തമ്മിൽ അകന്നുപോകുന്ന പ്രവണത കൂടുന്നു. വിവാഹത്തിന് മുന്‍പും ശേഷവും കൗണ്‍സിലിംഗ് നിർബന്ധമാക്കണം. സ്വകാര്യധനകാര്യ സ്ഥാപനങ്ങളിൽ പെണ്‍കുട്ടികൾ അരക്ഷിതരാണ്.
പല വലിയ സാന്പത്തിക തട്ടിപ്പും സ്ഥാപന മേധാവികളേക്കാൾ ബാധിക്കുന്നത് അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയാണെന്നും ഈ വിഷയത്തിൽ സമഗ്രമായ പഠനം ആവശ്യമാണെന്നും കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.
അദാലത്തിൽ അഡ്വ. സുകൃത, ഫാമിലി കൗണ്‍സിലർ പി.പി. ഷൈനി, വനിത കമ്മീഷൻ സിഐ ജോസ് കുര്യൻ, വനിതാ സെൽ പോലീസ് ഉദ്യോഗസ്ഥർ, കമ്മീഷൻ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.