നിക്ഷേപ തട്ടിപ്പ്: പണം നിക്ഷേപിച്ചവർ ആശങ്കയിൽ
1590529
Wednesday, September 10, 2025 5:58 AM IST
നിലന്പൂർ: എൻഎം നെടുംപറന്പിൽ നിധി ലിമിറ്റഡ് കന്പനിയിൽ പണം നിക്ഷേപിച്ചവർ ആശങ്കയിൽ. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിക്ക് കേരളത്തിൽ ഇരുനൂറോളം ശാഖകളുണ്ടായിരുന്നു. ഈ ശാഖകളെല്ലാം ഇപ്പോൾ അടച്ചുപൂട്ടി ജീവനക്കാർ അവർക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുന്നു.
ഇവരുടെ എറണാകുളത്തുള്ള ഹെഡ് ഓഫീസും അടച്ചുപൂട്ടി. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ മാത്രം ഈ കന്പനിയിൽ നിക്ഷേപിച്ച സംഖ്യ 20 കോടിയോളം രൂപ വരും. കാലാവധി എത്തിയ നിക്ഷേപ തുക ഒരു വർഷമായിട്ടും ഇതുവരെ തിരിച്ചു നൽകിയിട്ടില്ല. മാസംതോറുമുള്ള പലിശ കൊടുക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസം മുതൽ നിർത്തലാക്കി.
ജില്ലയിൽ നിലന്പൂർ, എടക്കര, എടവണ്ണ പോലീസ് സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കന്പനി മാനേജ്മെന്റിനു പല പേരുകളിൽ വ്യത്യസ്ത കന്പനികളുണ്ട്. ഇവർ കേസിയോ റീടൈലേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു നോണ്‍ ബാങ്കിംഗ് ഫിനാൻസ് കന്പനിയിലൂടെയും നോണ്‍ കണ്‍വെർട്ടിബിൾ ഡിബഞ്ചേഴ്സ് മുഖേന നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.
എൻഎം നെടുംപറന്പിൽ നിധി ലിമിറ്റഡ് എന്ന കന്പനിയിലൂടെ സമാഹരിച്ച തുക മറ്റു കന്പനികളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി നിക്ഷേപകർ പറഞ്ഞു. കേസിന്റെ അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല.
ഇതു സംബന്ധിച്ച് നിക്ഷേപകർ മലപ്പുറം പോലീസ് മേധാവിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് കാണിച്ച് നിലന്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്തിനും നിക്ഷേപകർ നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകുമെന്നും നിക്ഷേപ സംഖ്യ തിരിച്ചു കിട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് നിക്ഷേപകരുടെ പ്രതീക്ഷ.