കെട്ടിടങ്ങളും സംവിധാനങ്ങളും വിട്ടുനല്‍കിയാല്‍ മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭ ഏറ്റെടുക്കും : എംഎല്‍എ
1591037
Friday, September 12, 2025 5:25 AM IST
മഞ്ചേരി: പൊതുജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന രാഷ്ട്രീയ പ്രസംഗം അവസാനിപ്പിച്ച് കെട്ടിടങ്ങളും സംവിധാനങ്ങളും ആരോഗ്യമന്ത്രി വിട്ടുനല്‍കിയാല്‍ തൊട്ടടുത്ത നിമിഷത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രി ഏറ്റെടുത്ത് നടത്താന്‍ നഗരസഭ തയാറാണെന്ന് അഡ്വ. യു. എ. ലത്തീഫ് എംഎല്‍എ.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ നടത്തിയ ഏകദിന ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും മന്ത്രിയും ആദ്യം രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം. ആരെങ്കിലും നല്കുന്ന കടലാസ് പൊതുവേദിയില്‍ വായിക്കുന്നതിന് മുമ്പ് മന്ത്രി വസ്തുത അന്വേഷിക്കണമായിരുന്നു.
ജനറല്‍ ആശുപത്രി ഏറ്റെടുത്ത് നടത്താന്‍ തയാറാണെന്ന് നഗരസഭാധ്യക്ഷ ഉള്‍പ്പടെയുള്ളവര്‍ പലതവണ ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു. ബഹുജനങ്ങളെ അണിനിരത്തിയായിരുന്നു കൗണ്‍സിലര്‍മാരുടെ സമരം.
മഞ്ചേരി, പയ്യനാട്, നറുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റികളും പോഷക സംഘടനകളും തൊഴിലാളികളും ഐക്യദാര്‍ഢ്യ പ്രകടനമായി സമരപന്തലില്‍ എത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. സമാപന സംഗമം എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു.
പി. ഉബൈദുല്ല എംഎല്‍എ, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എന്‍.കെ. ഖൈറുന്നീസ, എന്‍.എം. എല്‍സി, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശശിധരന്, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വല്ലാഞ്ചിറ മുഹമ്മദലി, സെക്രട്ടറി അന്‍വര്‍ മുള്ളമ്പാറ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കണ്ണിയന്‍ അബൂബക്കര്‍, വൈസ് പ്രസിഡന്റ് എ. പി. മജീദ് മാസ്റ്റര്‍,
എസ്ടിയു ജില്ല പ്രസിഡന്റ് മജീദ് വല്ലാഞ്ചിറ, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. കബീര്‍ നെല്ലിക്കുത്ത്, ജനറല്‍ സെക്രട്ടറി കെ.കെ.ബി. മുഹമ്മദലി, ഭാരവാഹികളായ സക്കീര്‍ വല്ലാഞ്ചിറ, എ.എം. സൈതലവി, കെ.പി. ഉമ്മര്‍, ഉണ്ണിമോയീന്‍, സലീം മണ്ണിശേരി, ഹുസൈന് പുല്ലഞ്ചേരി, യു.എ. അമീര്‍, യൂസുഫ് വല്ലാഞ്ചിറ, ബാവ കൊടക്കാന്‍, സലീഖ് നെല്ലിക്കുത്ത്, ഷൈമ ആക്കല തുടങ്ങിയവര്‍ സംസാരിച്ചു.
പയ്യനാട്, മഞ്ചേരി, നറുകര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലും എസ്ടിയു, യൂത്ത് ലീഗ്, എംഎസ്എഫ്, വനിതാ ലീഗ്, പ്രവാസി ലീഗ്,അധ്യാപക, ബാങ്ക്, കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സമരപന്തലിലേക്ക് പ്രകടനം നടത്തി.