ഇത് കുടുംബശ്രീയുടെ പൊന്നോണക്കാലം ; ഓണം വിപണിയിലൂടെ നേടിയത് 3.90 കോടി
1590834
Thursday, September 11, 2025 7:46 AM IST
മലപ്പുറം: ഇത്തവണത്തെ ഓണം വിപണിയിലൂടെ കുടുംബശ്രീ നേടിയത് 3.90 കോടി രൂപ. ജില്ലാതല ഓണച്ചന്തയിൽ നിന്നും, സിഡിഎസ് ഓണച്ചന്തകളിൽ നിന്നുമായി 3.18 കോടി രൂപ. ജില്ലാതല ഭക്ഷ്യമേളയിൽ നിന്ന് 6.50 ലക്ഷം രൂപ, ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുത്ത 30 കഫെ കാറ്ററിംഗ് യൂണിറ്റുകൾ വിപണനം ചെയ്ത 5650 ഓണസദ്യകൾ വഴി ഒന്‍പത് ലക്ഷം രൂപ, സിഡിഎസുകൾ വഴി വിപണനം ചെയ്ത 9000 ഓണകിറ്റുകൾ വഴി 42 ലക്ഷം രൂപ, ഓണ്‍ലൈനായി വിപണനം ചെയ്ത 430 ഓണ കിറ്റുകൾ വഴി 3.60 ലക്ഷം രൂപ, പൂകൃഷിയിലൂടെ 13.19 ലക്ഷം രൂപ എന്നിങ്ങനെയാണ് കുടുംബശ്രീ 3.90 കോടി രൂപ നേടിയത്.
ഓണം മുന്നിൽ കണ്ട് ജില്ലയിലെ 111 സിഡിഎസുകളിലായി തുടക്കം കുറിച്ച 182 ഓണച്ചന്തകൾ, വള്ളിക്കുന്നിൽ സംഘടിപ്പിച്ച ജില്ലാതല ഓണച്ചന്ത, ഭക്ഷ്യമേള, പോക്കറ്റ് മാർക്ക് ആപ്പിലൂടെ ഓണ്‍ലൈനായും ഓഫ്ലൈനായും വിപണനം ചെയ്ത ഓണക്കിറ്റ്, കുടുംബശ്രീ സംരംഭകർ ഓർഡറുകൾക്കനുസരിച്ച് തയാറാക്കി വിപണനം ചെയ്ത ഓണസദ്യ, കാർഷിക മേഖലയിൽ 77 സിഡിഎസുകളിലായി 99.9 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി എന്നിവ വലിയ വിജയമായി മാറി.