പ്രദീപിന്റേത് മികവിന്റെ അംഗീകാരം
1591288
Saturday, September 13, 2025 5:38 AM IST
നിലന്പൂർ: ജില്ലയിലെ വനം വിജിലൻസിന് മികവിന്റെ അംഗീകാരം. പ്രദീപിന് ഇത് പ്രവർത്തന മികവിന്റെ അംഗികാരവും. മുഖ്യമന്ത്രിയുടെ 2025 വർഷത്തെ ഫോറസ്റ്റ് മെഡലിന് അർഹരായവരിൽ നിലന്പൂർ വനം വിജിലൻസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.പി. പ്രദീപ് കുമാറുമുണ്ട്. സംസ്ഥാനത്തെ മികച്ച വന സംരക്ഷണ പ്രവർത്തനങ്ങൾ കാഴ്ചവച്ച 26 പേരാണ് ഇക്കുറി മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹത നേടിയത്. ജില്ലയിൽ രണ്ട് പേർ മാത്രമാണ് ഇതിൽ ഇടം പിടിച്ചിട്ടുള്ളത്. അതിൽ ഒരാളാകാൻ കഴിഞ്ഞതിൽ വനം വിജിലൻസ് വിഭാഗത്തിന് അഭിമാനിക്കാം.
ജില്ലാ ആസ്ഥാനത്തിനോട് ചേർന്ന് കിടക്കുന്ന പഴമള്ളൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവാർഡ് ജേതാവ് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപക പരീശീലനവും നേടിയ ശേഷം അധ്യാപക ജോലിയിലായിരിക്കുന്പോഴാണ് വനം-വന്യജീവി വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നത്.
പരിസ്ഥിതിയോടും പ്രകൃതിയോടും വനത്തിനോടുമുള്ള താൽപര്യം കൊണ്ടാണ് വനംവകുപ്പിലെ ജോലി തെരഞ്ഞെടുത്തത്. ഒരു വ്യാഴവട്ടത്തോളമായി വനം വകുപ്പിൽ പ്രമാദമായ ഒട്ടനവധി കേസുകൾ കൈകാര്യം ചെയ്യുന്നതിന്റെ അമരക്കാരനായും രഹസ്യാന്വേഷണത്തിലും സുപ്രധാന വിവരശേഖരണത്തിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ്.
കൂടാതെ നിരവധി ചന്ദന കേസുകൾ, വന്യമൃഗവേട്ട കേസുകൾ എന്നിവ പിടികൂടുന്നതിലും കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഈ ചെറിയ കാലയളവിലെ നേട്ടമായി കാണുന്നു.
നിഷ്പക്ഷമായും നിയമാനുസൃതമായും തന്നിലേൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന ജില്ലയിലെ തന്നെ സൗമ്യനായ വനം ഉദ്യോസ്ഥനാണ് പ്രദീപ് കുമാർ. കോഴിക്കോട് വനം വിജിലൻസ് ഡിവിഷനു കീഴിൽ ജില്ലയിലെ നിലന്പൂർ ആസ്ഥാനമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മങ്കട- കുറുവ ഗ്രാമപഞ്ചായത്തിലെ പഴമള്ളൂർ ചെണ്ടക്കോട്ട് പറന്പിൽ ഗോപാലൻ-സുലോചന ദന്പതിമാരുടെ മക്കളിൽ മൂന്നാമത്തെയാളാണ് അവാർഡിന് അർഹനായ എൻ.പി. പ്രദീപ് കുമാർ. ഭാര്യ രഷ്ലി. ആർഷ്യ, ആയുഷ് എന്നിവർ മക്കളുമാണ്.