നവ കിരൺ പദ്ധതി പാളുന്നു : വനംവകുപ്പിന് നൽകിയ ഭൂമിയുടെ വില ലഭിക്കാതെ 23 കുടുംബങ്ങൾ
1591537
Sunday, September 14, 2025 5:14 AM IST
നിലമ്പൂർ: നവ കിരൺ പദ്ധതി പാളുന്നു.സ്വന്തം ഭൂമി വനംവകുപ്പിന് വിട്ടുനൽകിയ കുടുംബങ്ങൾക്ക് നാലുവർഷം കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. വന വിസ്തൃതി കൂട്ടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2021ൽ കൊണ്ടുവന്ന നവ കിരൺ പദ്ധതിയിൽ സ്വന്തം ഭൂമി വിട്ടു നൽകിയവരാണ് പെരുവഴിയിലായിരിക്കുന്നത്.
പദ്ധതിയുടെ നടപടിക്രമങ്ങൾ ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. ഭൂമികൾ ഏറ്റെടുക്കാൻ തിടുക്കം കാണിച്ച വനംവകുപ്പ് ഭൂമിയുടെ നഷ്ടപരിഹാര തുക നൽകാതെ വട്ടം കറക്കുകയാണ്. മലപ്പുറംജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ മലോടി നിവാസികളായ 23 കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയുടെ വില ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
ഒരു സെന്റ് മുതൽ മുതൽ അഞ്ചേക്കർ വരെയുള്ള സ്ഥലത്തിന് ഒരു കുടുംബത്തിന് വനംവകുപ്പ് നൽകുന്നത് 15 ലക്ഷം രൂപയാണ്. ഇതിൽ വീടുകൾ ഉണ്ടെങ്കിൽ അതിന് പണം ലഭിക്കുകയില്ല. വനത്തിലൂടെ കെഎസ്ഇബി വൈദ്യുത തൂണുകൾ സ്ഥാപിച്ചെങ്കിലും വനംവകുപ്പ് ഇതിന് അനുമതി നൽകിയില്ല.
ഇതേ തുടർന്നാണ് ഒരു നിർവാഹവുമില്ലാതെ ഏക്കറിന് കുറഞ്ഞത് 30 ലക്ഷം രൂപ വരെ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന സ്ഥലങ്ങൾ വെറും 15 ലക്ഷം രൂപക്ക് ഓരോ കുടുംബവും നൽകാൻ തയാറായത്. ഉടൻ പണം ലഭിക്കും, അതിനാൽ റബർ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടി നീക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ടതോടെ ടാപ്പിംഗ് നടത്തുകയായിരുന്ന റബർ മരങ്ങൾ ഉൾപ്പെടെ സ്ഥലം ഉടമകൾ കിട്ടിയ വിലയ്ക്ക് മുറിച്ചുനൽകി.
ആറ് മാസത്തിനുള്ളിൽ പണം നൽകാമെന്ന വനം ഉദ്യോഗസ്ഥരുടെ വാക്കിൽ വിശ്വസിച്ചാണ് പുള്ളിപ്പാടം വില്ലേജിലെ മലോടി നിവാസികൾ 2021 നവംബർ 26ന് വനംവകുപ്പ് നിർദേശപ്രകാരം ഭൂമി നൽകാൻ തയാറാണെന്ന് കാണിച്ച് വനംവകുപ്പിന് അപേക്ഷ നൽകിയത്.
ഇതിനുശേഷം നാല് തവണ വനംവകുപ്പ് ആവശ്യപ്പെട്ട രേഖകൾ ഉണ്ടാക്കാൻ ഓരോ കുടുംബത്തിനും 8000 രൂപ വീതം ചെലവായി. എന്നാൽ ഇപ്പോൾ നാലുവർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം മാത്രം ലഭിച്ചില്ല. അതേസമയം പദ്ധതിയിൽപ്പെട്ട കുടുംബൾക്ക് രണ്ട് മാസത്തിനുള്ളിൽ പണം നൽകാൻ കഴിയുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
പദ്ധതിക്ക് കേരളത്തിൽ ആകെ ഒരു തഹസിൽദാർ മാത്രമാണുള്ളതെന്നും അതാണ് കാലതാമസത്തിന് ഇടയാക്കിയതെന്നും മലോടിയിലെ 23 കുടുംബങ്ങൾക്ക് നൽകാനുള്ള പണം കിഫ് ബി ഫണ്ടിൽ ഉണ്ടെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ വനംവകുപ്പിനെ വിശ്വസിച്ച് ഭൂമി നൽകാൻ തയാറായ കുടുംബങ്ങളാണ് വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്.
പലരും പണമില്ലാത്തതിനാൽ ചികത്സ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. ബീരാൻകുട്ടിയും കമലയും വത്സലയും നാരായണിയും സന്തോഷും ഷൗക്കത്തും ലത്തീഫുമെല്ലാം ആവശ്യപ്പെടുന്നത് തങ്ങളുടെ ഭൂമിയുടെ ന്യായവിലയാണ്.