മീലാദ് റാലിയിൽ ദഫ്മുട്ട് കളിച്ച് താരമായി വൈഷ്ണവ്
1591540
Sunday, September 14, 2025 5:14 AM IST
കരുവാരകുണ്ട്: മദ്രസാ വിദ്യാർഥികളോടൊപ്പം ദഫ്മുട്ട് കളിച്ച് നാട്ടുകാരുടെ താരമായി മാറി വൈഷ്ണവ്. കരുവാരകുണ്ട് പുൽവട്ട കരിങ്കന്തോണി മദ്രസയുടെ നബിദിന റാലിയിലാണ് കരിങ്കന്തോണി അനിൽകുമാറിന്റെ മകൻ വൈഷ്ണവും പങ്കെടുത്തത്. മതസൗഹാർദത്തിനും സഹിഷ്ണുതയ്ക്കും കേളികേട്ട കരുവാരകുണ്ടുകാർക്ക് ഇത് പുതുമയല്ലെങ്കിലും വൈഷ്ണവിന്റെ ദഫുകളി വൈഭവം നാടിനെയൊന്നാകെ ആകർഷിച്ചു.
രാവിലും ഇരവിലും കൂടെ കൂടി നടക്കുന്ന കൂട്ടുകാർ ദഫ്മുട്ട് പരിശീലിക്കാൻ മദ്രസയിലേക്ക് പോയപ്പോൾ കളിയിലും ചിരിയിലും ഒരുമിച്ചു കൂടുന്ന വൈഷ്ണവും കൂടെ പോയി. മദ്രസയിൽ കുട്ടികളുടെ കൂടെ വൈഷ്ണവും വന്നപ്പോൾ ഉസ്താദ് അവനെയും അവന്റെ ആഗ്രഹപ്രകാരം ദഫ് പരിശീലിപ്പിച്ചു.
ഇന്നലെ നടന്ന മീലാദ് റാലിയിൽ കൂട്ടുകാരോടൊപ്പം തലയിൽ തൊപ്പി വച്ചും ജുബ്ബ ധരിച്ചും പ്രവാചക സ്നേഹത്തിന്റെ ആഘോഷ നിമിഷങ്ങളിൽ മതിമറന്ന് വൈഷ്ണവും അലിഞ്ഞു ചേർന്നു.
വൈഷ്ണവിന്റെ ആത്മാർഥതയും താൽപര്യവും കൂട്ടുകാരോടുള്ള സ്നേഹവും ബന്ധവും കൂടിയാണ് കളിയിൽ ചുവടുപിഴക്കാതെ താളം പിടിച്ച് നല്ലൊരു കളിക്കാരനായി മാറ്റിയതെന്ന് പരിശീലകരായ ഉസ്താദുമാരും പറഞ്ഞു. കരിങ്കന്തോണി അനിൽകുമാറിന്റെയും വിനീതയുടെയും മകനാണ് വൈഷ്ണവ്.