ഏലംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് ആക്ഷന് കമ്മിറ്റി മാർച്ച്
1592217
Wednesday, September 17, 2025 5:36 AM IST
കുന്നക്കാവ്: ഏലംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ഒന്പതാം വാർഡ് അംഗവും ആക്ഷൻ കമ്മിറ്റി ചെയർപേഴ്സനുമായ സൽമ കുന്നക്കാവ് അറിയിച്ചു.
പുതുക്കിപ്പണിത കുന്നക്കാവ് ഹെൽത്ത് സബ് സെന്ററിന് സ്ഥലം സൗജന്യമായി വിട്ടു നൽകിയ പുതുമന വാസുദേവൻ നന്പൂതിരിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് 1200 ലധികം നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡന്റിന് സമർപ്പിച്ചിരുന്നു. ഈ വിഷയം ഭരണ സമിതി യോഗത്തിൽ അജണ്ട വച്ച് ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ അഞ്ചാം വാർഡ് മെംബർ പിടിച്ചുവാങ്ങി ചുരുട്ടിയെറിഞ്ഞു.
വായിക്കാൻ പോലും സമ്മതിക്കാതെ യോഗം പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി അംഗങ്ങളുടെ അവകാശ നിഷേധവും ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു.