മണ്ണാർമല പുലി ഭീതിയിൽ : വനംവകുപ്പ് അനാസ്ഥയ്ക്കെതിരേ നാട്ടുകാർ റോഡ് ഉപരോധിച്ചു
1592199
Wednesday, September 17, 2025 4:55 AM IST
മണ്ണാർമല: നിരന്തരം പുലിയെ കാണപ്പെടുന്ന മണ്ണാർമലയിൽ പുലിയെ പിടികൂടുന്നതിൽ വനം വകുപ്പ് തുടരുന്ന അനാസ്ഥയ്ക്കെതിരേ നാട്ടുകാർ റോഡ് ഉപരോധിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, വാർഡ് മെന്പർ ഹൈദർ തോരപ്പ, റഹ്മത്ത് മോളി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ നാട്ടുകാർ കാര്യവട്ടം- മാനത്ത്മംഗലം റോഡ് ഉപരോധിച്ചത്. പുലിയെ സ്ഥിരമായി കാണുന്ന മാട് റോഡ് നിരപ്പിലാണ് രാവിലെ 9.30ന് ഉപരോധിച്ചത്.
അരമണിക്കൂറോളം നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി. തുടർന്ന് മേലാറ്റൂർ പോലീസ് സ്ഥലത്തെത്തി സമരക്കാരെ റോഡിൽ നിന്ന് നീക്കുന്നതിനിടെ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പിന്നീട് പെരിന്തൽമണ്ണ പോലീസും സ്ഥലത്തെത്തി. പുലിയെ പിടികൂടാൻ നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അടുത്ത ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാട്ടുകാർ പറഞ്ഞു.
റോഡ് ഉപരോധത്തിന് ശേഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വീണ്ടും കളക്ടർക്ക് നിവേദനം നൽകി. കഴിഞ്ഞദിവസവും മണ്ണാർമലയിൽ പുലിയെ കണ്ടിരുന്നു. നാട്ടുകാർ സ്ഥാപിച്ച കാമറയിൽ ദൃശ്യവും പതിഞ്ഞിരുന്നു. പുലിയെ മയക്കു വെടിവയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.