പോലീസിനെ മുഖ്യമന്ത്രി നിയന്ത്രിക്കണം: ബിജെപി
1592112
Tuesday, September 16, 2025 7:50 AM IST
നിലന്പൂർ:പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ നിലന്പൂർ ഡിവൈഎസ്പി ഓഫീസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൻഷ്വറൻസ് പോളിസി എടുത്തതിന് ശേഷം മാത്രമേ പോലീസ് സ്റ്റേഷനിൽ കയറാവൂ എന്ന നിലയിലാണിപ്പോൾ കാര്യങ്ങൾ. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 16 കസ്റ്റഡി മരണങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേയാണ് കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്നുണ്ടായിട്ടുള്ള ആത്മഹത്യകൾ. 3500 ഓളം പരാതികളാണ് പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് ലഭിച്ചിട്ടുള്ളത്.
പോലീസ് സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പരിശോധിച്ച 1500 പരാതികളിൽ ഒരു നടപടിയും ഉണ്ടായിട്ടുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. നട്ടെല്ലില്ലാത്ത പ്രതിപക്ഷവും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ആർ. രശ്മിൽനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരി സജി ശങ്കർ, ബിജു എം. ശാമുവൽ എന്നിവർ പ്രസംഗിച്ചു.
അഡ്വ. ടി.കെ. അശോക് കുമാർ, അഡ്വ. കെ.പി. ബാബുരാജ്, അഡ്വ. മോഹൻ ജോർജ്, കെ.സി. വേലായുധൻ, ഡോ.പി.സി. വിജയൻ, ഡോ. ഗീതാ കുമാരി, സുധീഷ് ഉപ്പട, സുനിൽ ബോസ്, ജിഷ സജിത്, മോർച്ച പ്രസിഡന്റുമാരായ സി.പി. അറുമുഖൻ, സി.പി. കൃഷ്ണൻ, സുനിത എളങ്കൂർ, അഖിൽ സായ്, സുബീഷ് വള്ളിക്കാടൻ എന്നിവർ നേതൃത്വം നൽകി. നിലന്പൂർ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് നിലന്പൂർ ഡിവൈഎസ്പി ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.