21 പേര് കഴിയുന്നത് ഒരു വീട്ടില്‍!; കുറുമ്പിയുടെ ദുരിതമറിഞ്ഞ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി
1592118
Tuesday, September 16, 2025 7:50 AM IST
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ പാറേക്കാട് നഗറിലെ കുറുമ്പിയുടെ വീട്ടില്‍ 21 പേര് താമസിക്കുന്നതിന്റെ ദുരിതം ദീപിക റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇടപെട്ട് പട്ടികവര്‍ഗ വകുപ്പ്. പട്ടികവര്‍ഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പി. ഇസ്മായിലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുറുമ്പിയുടെ വീട്ടിലെത്തി.
കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാമെന്ന പതിവ് മറുപടി നല്കി ഉദ്യോഗസ്ഥര്‍ മടങ്ങി. അടിയന്തര നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും പ്രോജക്ട് ഓഫീസര്‍ തയാറായില്ല. വിഷയത്തില്‍ പി.കെ. ബഷീര്‍ എംഎല്‍എ അടിയന്തര ഇടപെടല്‍ നടത്തിയതോടെയാണ് പട്ടികവര്‍ഗ വകുപ്പ് പ്രോജക്ട് ഓഫീസറുടെ സന്ദര്‍ശനം.
അതിനിടെ, മരിക്കും മുമ്പ് നല്ലൊരു വീട്ടില്‍ കിടന്നുറങ്ങാമെന്ന് പ്രതീക്ഷയില്ലെന്ന് 88 കാരിയായ കുറുമ്പി പ്രതികരിച്ചു. മൂന്ന് മുറികള്‍ മാത്രമുള്ള വീട്ടില്‍ 21 ആളുകള്‍ താമസിക്കുന്നതിന്റെ ദുരിത വാര്‍ത്തയാണ് ദീപിക പുറത്തുവിട്ടത്. വര്‍ഷങ്ങളായി താനും മക്കളും ദുരിതജീവിതം നയിക്കുകയാണ്. മക്കളില്‍ ഒരാള്‍ക്കെങ്കിലും ഒരു വീട് എന്ന ആവശ്യത്തിനായി കഴിഞ്ഞ 15 വര്‍ഷമായി കയറിയിറങ്ങുകയാണ്.
പട്ടികവര്‍ഗ വകുപ്പ് കനിഞ്ഞ് ഒരു വീട് കിട്ടുവോളം താന്‍ ജീവിച്ചിരിക്കുമോ എന്നറിയില്ലെന്നും കുറുമ്പി പറഞ്ഞു. അഞ്ച് കുടുംബങ്ങളാണ് ഈ വീട്ടിലുള്ളത്. പഞ്ചായത്ത് നല്കിയ ആട്ടിന്‍ കൂട്ടിലും വീടിന്റെ ടെറസിലുമായാണ് മക്കളില്‍ പലരും കഴിയുന്നത്. വയറിംഗ് തകരാര്‍ കാരണം വീട്ടില്‍ വൈദ്യുതിയുമില്ല. പ്ലസ്വണ്, എസ്എസ്എല്‍സി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമുണ്ട്. ആദിവാസി ക്ഷേമത്തിനായി ഒരുവകുപ്പും മന്ത്രിയുമുള്ള നാട്ടിലാണ് ഈ ആദിവാസി കുടുംബത്തിന്റെ ദുരിത ജീവിതം.