മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ തീവ്രജ്ഞത്തിന് ചാലിയാറിൽ തുടക്കമായി
1592226
Wednesday, September 17, 2025 5:42 AM IST
നിലന്പൂർ:മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിക്ക് ചാലിയാർ പഞ്ചായത്തിൽ തുടക്കമായി. വന്യമൃഗ ശല്യം അതിരൂക്ഷമായ പഞ്ചായത്തുകളിലാണ് വനം വന്യജീവി വകുപ്പിന്റെ നേത്യത്വത്തിൽ 45 ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് ഇന്നലെ മുതൽ തുടക്കമായത്.
മൂന്ന് ഘട്ടങ്ങളിലായാണ് 45 ദിവസങ്ങളിലായി മനുഷ്യ, വന്യജീവി ലഘുകരണ തീവ്രജ്ഞം പൂർത്തികരിക്കുക. മറ്റു വകുപ്പുകളുമായി സഹകരിച്ചാണ് വനം വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. ചാലിയാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോണിയിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.
എടവണ്ണ റേഞ്ച് ഓഫീസർ പി. സലീം അധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.ഷിജിന ക്ലാസെടുത്തു. പഞ്ചായത്തിലും എടവണ്ണ റേഞ്ച് ഓഫീസിലും ഹെൽപ്പ് ഡസ്ക്കുകൾ പ്രവർത്തനം ആരംഭിച്ചു. കൂടാതെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി നൽകാൻ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.
പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കും. ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ്, അംഗങ്ങളായ പി.ടി.ഉസ്മാൻ, ബീനാ ജോസഫ്, മിനി മോഹൻദാസ്, ഗ്രീഷ്മപ്രവീണ്, എ.ഷെരീഫ്., അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എൻ. ശ്രീജൻ, പി.അനീഷ്, പി.എൻ. നിധിൻ, വി.ആർ. വിപിൻരാജ് എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമായ പഞ്ചായത്താണ് ചാലിയാർ. ആറിലധികം ആനകളാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി തന്പടിച്ച് കൃഷി നാശം വരുത്തുന്നത്. കാട്ടാനകളെ പന്തീരായിരം ഉൾവനത്തിലേക്ക് കയറ്റി വിടുന്നതിന് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചാൽ മാത്രമേ വന്യമൃഗ ശല്യത്തിന് പരിഹാരമാകൂ.