രാമപുരം ജെംസ് കോളജിന് മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്
1592220
Wednesday, September 17, 2025 5:36 AM IST
രാമപുരം: ദേശീയതലത്തിൽ നാക് അക്രിഡിറ്റേഷൻ, എൻഐആർഎഫ്, കെഐആർഎഫ് എന്നിവയിൽ ഉയർന്ന റാങ്കുകൾ കൈവരിച്ച സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിവരുന്ന മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് രാമപുരം ജെംസ് ഓട്ടോണോമസ് കോളജിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ജെംസ് കോളജ് പ്രിൻസിപ്പൽ ഡോ. നവീൻ മോഹൻ, ഐക്യുഎസി ഡയറക്ടർ ഡോ. ഫിനോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഉന്നത വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ-കേരളയും സംയുക്തമായി സംഘടിപ്പിച്ച ’എക്സലെൻഷ്യ 2025’ എന്ന ദ്വിദിന പരിപാടിയുടെ ഭാഗമായാണ് അവാർഡ് വിതരണം നടന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം, വിലയിരുത്തൽ, അക്രഡിറ്റേഷൻ, ദേശീയ റാങ്കിംഗ് പ്രകടനം എന്നിവയിലെ മികവ് പരിഗണിച്ചാണ് ജെംസ് കോളജ് അവാർഡിന് അർഹമായത്. മന്ത്രി ആർ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്സിൽ അഡ്വൈസർ ഡോ. ദേവേന്ദർ കാവ്ഡെ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രഫ. ജിജു പി. അലക്സ് തുടങ്ങി ദേശീയ സംസ്ഥാനതലത്തിലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.