സ്കൂളിന്റെ മേൽക്കൂരപുന:സ്ഥാപിച്ചില്ല: എസ്എഫ്ഐ പ്രക്ഷോഭത്തിലേക്ക്
1592216
Wednesday, September 17, 2025 5:36 AM IST
പെരിന്തൽമണ്ണ: ആലിപ്പറന്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മേൽക്കൂര പുന:സ്ഥാപിക്കാത്തത്തിലും സ്കൂൾ ഗ്രൗണ്ടിലെ മണ്‍കൂന നീക്കം ചെയ്യാത്തതിലും പ്രതിഷേധിച്ച് എസ്എഫ്ഐ ഏരിയാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ജില്ലാ പഞ്ചായത്തിന്റെഅനാസ്ഥക്കെതിരെയാണ്
സമരം നടത്തുന്നത്. കാലവർഷാരംഭത്തിൽ ജൂണ്‍ 17ന് രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിന്റെ മൂന്നാംനിലയിലെ രണ്ട് ക്ലാസുമുറികളുടെ മുകളിൽ മേഞ്ഞ ഷീറ്റുകൾ നിലംപൊത്തിയത്. 12 ക്ലാസുമുറികളിൽ നാലെണ്ണം ഇതോടെ ഉപയോഗശൂന്യമായി.
ഇതോടെ സ്കൂളിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. തുടർന്ന് ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അരക്കിലോമീറ്റർ ദൂരത്തുള്ള ഹൈസ്കൂൾ കെട്ടിടത്തിലാണ് ഇപ്പോൾ ആറ് ഹയർ സെക്കൻഡറി ക്ലാസുകൾ നടക്കുന്നത്. രണ്ടിടത്തായി പഠനം നടക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയാസമുണ്ടാക്കുന്നു. സ്ഥലപരിമിതിയും ശൗചാലയ കുറവും ബുദ്ധിമുട്ടാകുന്നുണ്ട്.
വിദ്യാർഥി സമരത്തെ തുടർന്ന് സ്കൂളിന്റെ മേൽക്കൂര നിർമിക്കാൻ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും നിർമാണം മന്ദഗതിയിലാണ്. മൂന്നു മാസം പിന്നിട്ടും മേൽക്കൂരയുടെ ഇരുന്പു പൈപ്പുകൾ ഘടിപ്പിക്കുന്ന ജോലി പകുതി മാത്രമാണ് കഴിഞ്ഞത്. ഇതിനു പുറമെ സ്കൂളിന് ലാബ് കെട്ടിടം പണിയാൻ 14 സെന്റ് സ്ഥലം നിരപ്പാക്കിയ മണ്ണ് സ്കൂൾ മുറ്റത്ത് മണ്‍കൂനയായി കൂട്ടിയിട്ടിട്ട് വർഷങ്ങളായി.
അതുപോലെ കെട്ടിടം പണിക്ക് പില്ലർ കെട്ടാനുണ്ടാക്കിയ കുഴികളും വെള്ളക്കെട്ടായി കിടക്കുന്നു. സ്കൂളിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ സമരപരിപാടികൾ ആരംഭിക്കുന്നത്.