വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിന്റെ കൈത്താങ്ങ്
1592201
Wednesday, September 17, 2025 4:57 AM IST
പെരിന്തൽമണ്ണ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ്കുട്ടികൾക്ക് പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിന്റെ സഹായ ഹസ്തം. ഈ കുട്ടികളെ സഹായിക്കാൻ പ്രസന്റേഷൻ സ്കൂൾ ജാസി ഗിഫ്റ്റ് ഷോ സംഘടിപ്പിച്ച് തുക സമാഹരിച്ചിരുന്നു. ഈ തുക വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയ്ക്ക് കൈമാറി.
സ്കൂൾ പ്രിൻസിപ്പൽ ജെസ്മി തോമസ്, പിടിഎ പ്രസിഡന്റ് അമൃത സന്തോഷ് എന്നിവർ ചേർന്നാണ് തുക നൽകിയത്. വയനാട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക, സ്കൂൾ പ്രധാനാധ്യാപിക പ്രിൻസി ജോസ്, പിടിഎ വൈസ് പ്രസിഡന്റ് ഹസീന സാദിഖ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. രജീഷ് ബാബു, സത്താർ ആനമങ്ങാട് എന്നിവർ പങ്കെടുത്തു. ദുരന്തത്തിൽ ബന്ധുക്കൾ മരണപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിന് മലപ്പുറം കളക്ടറേറ്റ് സീനിയർ ക്ലാർക്കും സ്കൂൾ പിടിഎ അഗവുമായ കെ.പി. രജീഷ് ബാബു സഹായിച്ചു.
വയനാട് കളക്ടറുടെ നിർദേശ പ്രകാരം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തികയുടെ നേതൃത്വത്തിലാണ് ആറ് കുട്ടികളെയും കണ്ടെത്തിയത്. കൈമാറിയ തുക കുട്ടികളുടെ പേരിലുള്ള അക്കൗണ്ടിൽ നിക്ഷേപിക്കും. ഓരോ കുട്ടിയുടെയും പേരിൽ അര ലക്ഷം രൂപ വീതമാണ് നൽകിയത്.
18 വയസ് തികയുന്നതോടെ കുട്ടികൾക്ക് അവരുടെ പഠനത്തിനും മറ്റുമായി ഈ പണം പിൻവലിക്കാം. ഉരുൾപൊട്ടൽ ദുരന്തത്തിൽ പിതാവോ മാതാവോ മരണപ്പെട്ട 14 കുട്ടികളുമുണ്ട്. രണ്ടാംഘട്ടത്തിൽ ധനസമാഹരണം നടത്തി ലഭിക്കുന്ന തുക ഇവരുടെ പേരിലും പ്രസന്റേഷൻ സ്കൂൾ നിക്ഷേപിക്കും.