പൂക്കൈത പുഴയിൽ ജലോത്സവം 21ന്
1592634
Thursday, September 18, 2025 6:08 AM IST
പൊന്നാനി:ജല മാമാങ്കത്തിന് കടവനാട് പൂക്കൈതപ്പുഴ ഒരുങ്ങുന്നു. 21 നാണ് മത്സരം.നാല് പതിറ്റാണ്ടുകൾക്ക് മുന്പ് പൊന്നാനിയിൽ ആദ്യമായി ജലോത്സവത്തിന് തുടക്കമിടുകയും പിന്നീട് ബിയ്യം കായലിലേക്ക് മാറുകയും ചെയ്ത കടവനാട് ജലോത്സവം പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ജനകീയമായി മൂന്നാം തവണയാണ് പൂക്കൈത പുഴയിൽ നടക്കുന്നത്.
ഉച്ചക്ക് 2.30 ന് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായിരിക്കും. എം.പി. അബ്ദുസമദ് സമദാനി എംപി, പി.പി. സുനീർ എംപി എന്നിവർ മുഖ്യാതിഥികളായിരിക്കും. ഒന്പത് മേജർ വള്ളങ്ങളും 10 മൈനർ വള്ളങ്ങളുമാണ് മാറ്റുരക്കുന്നത്.
തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകൾ. ഉച്ചക്ക് 2.30 ന് ആരംഭിച്ച് വൈകുന്നേരം അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. മത്സരം ആരംഭിച്ചാൽ കായലിലെ മറ്റു യാത്രകളും ഘോഷയാത്രകളും അനുവദിക്കില്ല. മേജർ വള്ളങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 15000 രൂപയും രണ്ടാം സ്ഥാനത്തിന് 10000, മൂന്നാം സ്ഥാനം 7500 എന്നിങ്ങനെ ലഭിക്കും. മൈനർ വിഭാഗത്തിൽ 10000, 7500, 5000 എന്നിങ്ങനെയാണ് സമ്മാനതുക. സമ്മാന തുകക്ക് പുറമേ പങ്കെടുത്ത വള്ളങ്ങൾക്ക് പങ്കാളിത്ത തുകയായി മേജർ വാഭാഗത്തിന് 6000 മൈനർ വള്ളങ്ങൾക്ക് 3000 രൂപയും നൽകും.