താഴെപ്പറ്റക്കുന്നിലെ പച്ചത്തുരുത്തിന് ഹരിത കേരളമിഷൻ പുരസ്കാരം
1592629
Thursday, September 18, 2025 6:08 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലം താഴെപ്പറ്റക്കുന്നിലെ പച്ചത്തുരുത്തിനെ ഏറ്റവും മികച്ച പച്ചത്തുരുത്തായി കണ്ടെത്തി.
ഹരിത കേരള മിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പച്ചതുരുത്ത് പുരസ്കാര നിർണയത്തിലാണ് മലപ്പുറം ജില്ലയിലെ മികച്ച പച്ചത്തുരുത്തായി എരവിമംഗലം താഴെപ്പറ്റക്കുന്നിലെ പച്ചത്തുരുത്തിനെ തെരഞ്ഞെടുത്തത്. മൊട്ടക്കുന്നായി കിടന്നിരുന്ന സ്ഥലം കഴിഞ്ഞ കൗണ്‍സിലാണ് പച്ചത്തുരുത്തായി വിഭാവനം ചെയ്തത്.
മികച്ച രൂപത്തിൽ വിപുലപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്ത് വരുന്ന ഈ പച്ചത്തുരുത്തിൽ വിവിധ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷി,പൂ കൃഷി, സസ്യജാലങ്ങളുമെല്ലാം അടങ്ങുന്ന പുതിയൊരു ആവാസകേന്ദ്രമായി മാറ്റിയിരിക്കുന്നു.
പച്ചത്തുരുത്തിനെ സംരക്ഷിക്കുന്നതിനും വിശ്രമവേളകൾ ചെലവഴിക്കാൻ കഴിയുന്ന സൗകര്യമുൾപ്പെടെ ഒരുക്കുന്ന പദ്ധതികൾക്കുമാണ് പെരിന്തൽമണ്ണ നഗരസഭ നേതൃത്വം നൽകുന്നത്.