മദ്യവിൽപ്പന; യുവാവ് അറസ്റ്റിൽ
1592633
Thursday, September 18, 2025 6:08 AM IST
മഞ്ചേരി : ബീവറേജസ് കോർപ്പറേഷന്റെ ഒൗട്ട്ലറ്റിൽ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മൊബൈൽ ബാർ നടത്തിയ യുവാവിനെ മഞ്ചേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തൃക്കലങ്ങോട് കൽപ്പള്ളി വീട്ടിൽ റിനേഷ് (35)നെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 22 ലിറ്റർ മദ്യവും 4000 രൂപയും വിൽപ്പനക്കുപയോഗിച്ച ഓട്ടോറിക്ഷയും അന്വേഷണ സംഘം പിടികൂടി. പ്രതി മുന്പും സമാനമായ കേസുകൾക്ക് പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തൃക്കലങ്ങോട് പടുപ്പുംകുന്നിൽ നടന്ന റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി. അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. സുനീർ, സി.ടി. അക്ഷയ്, വനിത സിവിൽ എക്സൈസ് ഓഫീസർ എം. ആതിര, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.
ലഹരി ഉപയോഗത്തിനും വിൽപ്പനക്കും എതിരെ തുടർന്നും പരിശോധനകളും നടപടികളും ഉണ്ടാകുമെന്നും കൂടുതൽ പേർ എക്സൈസിന്റെ നിരീക്ഷണത്തിലുണ്ടെന്നും മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ് അറിയിച്ചു.