ഹാട്രിക് അല്‍കരാസ്
Saturday, July 12, 2025 1:20 AM IST
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ഫൈനലില്‍.
ഇന്നലെ നടന്ന സെമിയില്‍ അമേരിക്കയുടെ അഞ്ചാം സീഡായ ടെയ്ലര് ഫ്രിറ്റ്സിനെ കീഴടക്കിയാണ് ലോക രണ്ടാം നമ്പറായ കാര്‍ലോസ് അല്‍കരാസിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 6-4, 5-7, 6-3, 7-6 (8-6).
ആദ്യ സെറ്റില്‍ ആധികാരികമായി കളിച്ച അല്‍കരാസിനെ, രണ്ടാം സെറ്റില്‍ ഫ്രിറ്റ്സ് ഞെട്ടിച്ചു. നാലാം സെറ്റില്‍ തിരിച്ചുവരാന്‍ ഫ്രിറ്റ്സ് ശ്രമിച്ചെങ്കിലും ടൈബ്രേക്കറിലൂടെ അല്‍കരാസ് സെറ്റും ജയവും സ്വന്തമാക്കി. കഴിഞ്ഞ രണ്ടു പ്രാവശ്യവും (2023, 2024) അല്കരാസാണ് വിംബിള്‍ഡണ്‍ ജേതാവ്.
രണ്ട് വീതം ഫ്രഞ്ച് ഓപ്പണും (2024, 2025) വിംബിള്‍ഡണും സ്വന്തമാക്കിയ കാർലോസ് അല്‍കരാസിന്റെ പേരില്‍ ഒരു യുഎസ് ഓപ്പണും (2022) ഉണ്ട്, ആകെ അഞ്ച് ഗ്രാൻസ്ലാം.