മെസി ഡബിളിൽ മയാമി
Friday, July 11, 2025 2:50 AM IST
മയാമി: മേജർ ലീഗ് സോക്കർ ഫുട്ബോൾ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് ലയണൽ മെസി. തുടർച്ചയായ നാലാം എംഎൽഎസ് മത്സരത്തിലും ഇരട്ടഗോളുമായി മെസി ചരിത്രമെഴുതിയ മത്സരത്തിൽ ഇന്റർ മയാമിക്ക് ജയം.
ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി ജയിച്ചുകയറി. രണ്ട് ഗോളുകളും പിറന്നത് മെസിയുടെ തകർപ്പൻ ഷോട്ടുകളിൽ നിന്നാണ്.
27-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മെസി 38-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റിൽ കാൾസ് ഗില്ലിലൂടെ ന്യൂ ഇംഗ്ലണ്ട് തിരിച്ചടിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ ഇന്റർ മയാമി 35 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു.
ചരിത്രം
മേജർ ലീഗ് സോക്കർ ഫുട്ബോൾ ലീഗിൽ ചരിത്രമെഴുതി മെസി. തുടർച്ചയായി നാല് എംഎൽഎസ് മത്സരങ്ങളിൽ ഒന്നിലധികം ഗോൾ നേടുകയും ടീം വിജയിക്കുകയും ചെയ്തതോടെ, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്.