ഫ്രഷ് സ്റ്റാർട്ട്
Sunday, July 13, 2025 1:01 AM IST
ലണ്ടൻ: ലോഡ്സ് ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിംഗ്സിന് ഫ്രഷ് സ്റ്റാർട്ട്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും ലീഡ് നേടാൻ സാധിക്കാതെ വന്നതോടെയാണിത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 387ന് എതിരേ ഇന്ത്യയും അതേ റണ്‍സിൽ പുറത്ത്. മൂന്നാംദിനമായ ഇന്നലെ മത്സരം അവസാനിക്കുന്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എടുത്തു.
ഓപ്പണർ കെ.എൽ. രാഹുലിന്റെ (177 പന്തിൽ 100) സെഞ്ചുറിയും ഋഷഭ് പന്ത് (74), രവീന്ദ്ര ജഡേജ (72) എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ ശ്രദ്ധേയ പ്രകടനങ്ങൾ. നിതീഷ് കുമാർ 30ഉം വാഷിംഗ്ടണ്‍ സുന്ദർ 23ഉം റണ്‍സ് എടുത്തു. ഏഴിന് 385 എന്ന നിലയിൽ നിന്നാണ് 387ന് ഇന്ത്യ പുറത്തായത്.
ഇംഗ്ലീഷ് രാഹുല്‍; 100/100
2018നുശേഷം ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഓപ്പണര്‍ എന്ന റിക്കാര്‍ഡ് കെ.എല്‍. രാഹുലിന്. 2018നുശേഷം ഇംഗ്ലീഷ് മണ്ണില്‍ രാഹുലിന്റെ നാലാം സെഞ്ചുറിക്കാണ് ഇന്നലെ ലോഡ്സ് സാക്ഷ്യംവഹിച്ചത്. 21 ഇന്നിംഗ്സിലാണ് രാഹുലിന്റെ ഈ നേട്ടം. 28 ഇന്നിംഗ്സില്‍ മൂന്ന് സെഞ്ചുറി നേടിയ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയാണ് രാഹുല്‍ പിന്തള്ളിയത്.
സെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുല്‍ മടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 100 റണ്‍സില്‍ പുറത്താകുന്ന 100-ാമത് ബാറ്ററാണ് രാഹുല്‍. ടെസ്റ്റ് കരിയറില്‍ ഇന്ത്യന്‍ താരത്തിന്റെ 10-ാം സെഞ്ചുറിയാണിത്. രണ്ടാംദിനം അവസാനിച്ചപ്പോള്‍ 53 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന രാഹുല്‍ നേരിട്ട 176-ാം പന്തില്‍ സെഞ്ചുറി തികച്ചു.
നാലാം വിക്കറ്റില്‍ രാഹുലും ഋഷഭ് പന്തും ചേര്‍ന്ന് 141 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുള്ള സഖ്യം (3) എന്ന നേട്ടത്തിനും ഇവര്‍ അര്‍ഹരായി. അനാവശ്യ റണ്ണൗട്ടിലൂടെയാണ് പന്ത് പുറത്തായത്. 112 പന്തില്‍ 74 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം.
പന്ത് റിച്ചാഡ്സിനെ പിന്തള്ളി
രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഋഷഭ് പന്തിന്റെ 74 റണ്‍സ്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റിക്കാര്‍ഡ് ഇതോടെ പന്തിനു സ്വന്തം. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിന്റെ പേരിലെ (50 ഇന്നിംഗ്സില്‍ 34 സിക്സ്) റിക്കാര്‍ഡാണ് പന്ത് തിരുത്തിയത്.
26 ഇന്നിംഗ്സില്‍ പന്ത് 36 സിക്സ് ഇതുവരെ ഇംഗ്ലീഷ് മണ്ണില്‍ പറത്തി. ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തുന്ന ടീമിന്റെ വിക്കറ്റ് കീപ്പര്‍മാരില്‍, ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റിക്കാര്‍ഡും (384*) പന്ത് കുറിച്ചു.
പന്ത് @ 88 സിക്സ്
ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പവും ഋഷഭ് പന്ത് എത്തി, 88. രോഹിത് 116 ഇന്നിംഗ്സില്‍ നേടിയ 88 സിക്സിന് ഒപ്പം ഋഷഭ് പന്ത് 80 ഇന്നിംഗ്സില്‍ എത്തിയെന്നതാണ് ശ്രദ്ധേയം. 178 ഇന്നിംഗ്സില്‍ 90 സിക്സ് നേടിയ വിരേന്ദര്‍ സെവാഗ് മാത്രമാണ് പന്തിന്റെ മുന്നില്‍ ഇനിയുള്ളത്.