സ്കൂൾ വിദ്യാർഥികൾക്കു വായനയ്ക്ക് ഗ്രേസ് മാർക്ക്
Thursday, August 14, 2025 4:04 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി ഗ്രേസ് മാർക്ക് നൽകുന്നു.
അടുത്ത അധ്യയനവർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ടുവരെ ക്ലാസിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പീരീഡ് മാറ്റിവയ്ക്കും.
വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനംകൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.