യുഎസ് തീരുവ: ബാങ്ക് സമിതി മന്ത്രി പി. രാജീവുമായി ചർച്ച നടത്തി
Wednesday, August 13, 2025 11:42 PM IST
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവർത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങൾ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എൽബിസി) പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവുമായി എസ്എൽബിസി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ ധാരണയായത്.
ഈ മാസം 18ന് ചേരുന്ന എസ്എൽബിസി യോഗത്തിൽ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികൾ മന്ത്രിക്ക് ഉറപ്പു നൽകി. കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടർന്ന് കയറ്റുമതി മേഖലയിലെ പല ഓർഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
ഇതു മൂലം പ്രവർത്തന മൂലധനത്തിനായുള്ള കയറ്റുമതി മേഖലയുടെ അപേക്ഷകൾ പല ബാങ്കുകളും വൈകിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ മന്ത്രിയുമായി നടത്തിയ യോഗത്തിൽ കയറ്റുമതി കേന്ദ്രീകൃത മേഖലയിലെ വ്യവസായികൾ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എസ്എൽബിസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.