പാക്കിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനു പരമ്പര
Thursday, August 14, 2025 12:23 AM IST
തരൗബ (ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ): തകര്‍ന്നുകിടക്കുന്നതായി വിലയിരുത്തപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് ഊര്‍ജം പകര്‍ന്ന് പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ പുരുഷ ടീം കൂറ്റന്‍ ജയം സ്വന്തമാക്കി.
പാക്കിസ്ഥാനെതിരേ മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 202 റണ്‍സിനാണ് വിന്‍ഡീസ് ടീമിന്റെ ജയം. ഇതോടെ 2-1നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ക്രിക്കറ്റ് പഴയ പ്രതാപം വീണ്ടെടുക്കണമെങ്കില്‍ 100 കാര്യങ്ങള്‍ സംഭവിക്കണമെന്ന് ഇതിഹാസതാരം ബ്രയാന്‍ ലാറ പറഞ്ഞതിന്റെ പിറ്റേദിനമാണ് ഈ ചരിത്ര ജയമെന്നതും ശ്രദ്ധേയം. നിലവിലെ പ്രതിസന്ധിക്ക് ഐപിഎല്‍ കാരണമായതായും ലാറ വിമര്‍ശിച്ചിരുന്നു.
വിന്‍ഡീസ് ക്രിക്കറ്റിനെ രക്ഷിക്കാനും പഴയ ക്ലാസിലേക്കു തിരിച്ചെത്തിക്കാനും ലക്ഷ്യമിട്ട്, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) അടുത്തിടെ അടിയന്തര യോഗം വിളിച്ചിരുന്നു. ബ്രയാന്‍ ലാറ, ക്ലൈവ് ലോയ്ഡ്, വിവ് റിച്ചാര്‍ഡ്സ്, ഡെസ്മണ്ട് ഹെയ്ന്‍സ്, ശിവനരെയ്ന്‍ ചന്ദര്‍പോള്‍, വിന്‍ഡീസ് ടീമിന്റെ നിലവിലെ മുഖ്യപരിശീലകന്‍ ഡാരന്‍ സമി എന്നിവാണ് യോഗത്തില്‍ പങ്കെടുത്തത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഐസിസിയില്‍നിന്ന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍പോലും ഈ യോഗത്തില്‍ തീരുമാനമായെന്നതും ശ്രദ്ധേയം.
1991നുശേഷം ആദ്യം
പാക്കിസ്ഥാനെതിരേ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര സ്വന്തമാക്കുന്നത് 1991നുശേഷം ഇതാദ്യം. നീണ്ട 34 വര്‍ഷത്തിനുശേഷം. 2011നുശേഷം ഏതെങ്കിലും ഫോര്‍മാറ്റില്‍ പാക്കിസ്ഥാനെതിരേ വിന്‍ഡീസിന്റെ പരമ്പര നേട്ടവുമാണിത്.
ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയവും രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റ് ജയവും നേടിയതോടെ മൂന്നാം ഏകദിനം നിര്‍ണായകമായി. മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ (94 പന്തില്‍ 120 നോട്ടൗട്ട്) സെഞ്ചുറി മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി. 24 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന എട്ടാം നമ്പര്‍ ബാറ്ററായ ജെസ്റ്റിന് ഗ്രീവ്സിന്റെ ഇന്നിംഗാണ് വിന്‍ഡീസിന്റെ സ്കോര്‍ ഉയര്‍ത്തിയത്.
295 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ പാക്കിസ്ഥാന് 29.2 ഓവറില്‍ 92നു പുറത്തായി. സല്മാന് അലി അഗയാണ് (30) ടീമിന്റെ ടോപ് സ്കോറര്‍. 7.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജെയ്ഡന്‍ സീല്‍സാണ് പാക്കിസ്ഥാനെ 92നു പുറത്താക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
സീല്‍സ് ഷോ
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ മികച്ച പ്രകടനത്തില്‍ മൂന്നാം സ്ഥാനം ജെയ്ഡന്‍ സീല്‍സ് സ്വന്തമാക്കി. വിന്‍സ്റ്റണ്‍ ഡേവിസ് (7/51), കോളിന് ക്രോഫ്റ്റ് (6/15) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഏകദിനത്തില്‍ പാക്കിസ്ഥാനെതിരേ വിന്‍ഡീസിന്റെ ഏറ്റവും മികച്ച ബൗളിംഗും സീല്സിന്റേതാണ്. 23കാരനായ സീല്‍സാണ് പരമ്പരയുടെ താരം. ഷായ് ഹോപ്പ് പ്ലെയര്‍ ഓഫ് ദ മാച്ചായി.