സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, August 14, 2025 1:37 AM IST
തിരുവനന്തപുരം: കാർഷിക മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് വിവിധ വിഭാഗങ്ങളിലായി സംഭാവന നൽകുന്നവർക്കുള്ള 2024 ലെ സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി .അച്യുതമേനോൻ അവാർഡിന് വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അർഹമായി.
10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച കൃഷിഭവന് നൽകുന്ന വി.വി രാഘവൻ സ്മാരക അവാർഡ് മലപ്പുറം താനാളൂർ കൃഷിഭവന് ലഭിച്ചു. അഞ്ചുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് കേരള കാർഷിക സർവകലാശാല കൊക്കോ ഗവേഷണ കേന്ദ്രം പ്രഫസറും മേധാവിയുമായ ഡോ. ജെ.എസ്. മിനിമോൾക്കാണ്.
പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് പാലക്കാട് തുന്പിടി കരിപ്പായി പാടശേഖര നെല്ലുൽപാദക സമിതിക്കാണ്. അബ്ബണ്ണൂർ ഊരും അടിച്ചിൽത്തൊട്ടി ഉന്നതിയും ജൈവകൃഷി നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി
പുരസ്കാരങ്ങൾ ഈ മാസം 17ന് രാവിലെ 11ന് തൃശൂർ തേക്കിൻകാട് മൈതാനത്തു നടക്കുന്ന കർഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് സി.ജെ. സ്കറിയ പിള്ളയ്ക്കും കേര കേസരി അവാർഡ് എൻ. മഹേഷ് കുമാറിനും ലഭിച്ചു. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിളകളുടെ സംരക്ഷമ പ്രവർത്തനം നടത്തുന്ന ആദിവാസി ഊരിനുള്ള പുരസ്കാരം വയനാട്ടിലെ അടുമാരി നേടി.
ജൈവ കർഷകനായി റംലത്ത് അൽഹാദും യുവകർഷകനായി മോനു വർഗീസ് മാമ്മനും ഹരിതമിത്രമായി ആർ. ശിവദാസനും ഹൈടെക് കർഷകനായി ബി. സി സിസിൽ ചന്ദ്രനും കർഷകജ്യോതിയായി എൻ.എസ്. മിഥുനും തേനീച്ച കർഷകനായി ടി.എ. ഉമറലി ശിഹാബും കർഷക തിലകമായി വി. വാണിയും ശ്രമശക്തിയായി കെ.പി. പ്രശാന്തും തെരഞ്ഞെടുക്കപ്പെട്ടു.