അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കും; വിസി നിയമനത്തിൽ സുപ്രീംകോടതി;
Thursday, August 14, 2025 4:05 AM IST
ന്യൂഡൽഹി: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിന് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് സുപ്രീംകോടതി.
കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് നാല് പേരുകൾ വീതം സമർപ്പി ക്കാൻ ഗവർണറോടും സർക്കാരിനോടും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കമ്മിറ്റിയിലെ ഒരംഗത്തെ യുജിസി നാമനിർദേശം ചെയ്യും. കേസ് ഇന്നു പരിഗണിക്കുന്പോൾ പേരുകൾ നിർദേശിക്കാനാണു കോടതിയുടെ ഉത്തരവ്. വിഷയത്തിൽ സർക്കാരും ഗവർണറും യോജിപ്പില്ലാത്ത സാഹചര്യത്തിലാണു കോടതിയുടെ നടപടി.
വിസിമാരുടെ സ്ഥിരം നിയമനം ഉറപ്പാക്കുന്നതിന് പ്രശ്നം രമ്യമായി പരിഹരിക്കാൻ കോടതി ജൂലൈ 30ന് ഗവർണറോടും സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. സ്ഥിരം നിയമനമാകുന്നതു വരെ താത്കാലിക വിസിമാരെ വീണ്ടും നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് ചാൻസലർകൂടിയായ ഗവർണർ സിസ തോമസിനെയും കെ. ശിവപ്രസാദിനെയും ഡിജിറ്റൽ, ടെക്നോളജിക്കൽ സർവകലാശാലകളുടെ താത്കാലിക വിസിമാരായി വീണ്ടും നിയമിച്ചു. എന്നാൽ ഇതു ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ഗവർണർ സഹകരിക്കാത്തതിനാലാണു സ്ഥിരം വിസി നിയമനം വൈകുന്നതെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയിൽ പറഞ്ഞത്. കോടതിയുടെ നിർദേശപ്രകാരം താത്കാലിക വിസിമാരെ നിയമിച്ച് നടപടികളിലേക്കു കടക്കുകയായിരുന്നെന്ന് ഗവർണർക്കുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.
എന്നാൽ, തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കോടതിതന്നെ ഇടപെട്ടു പോംവഴി നിർദേശിക്കുകയായിരുന്നു. വിസി നിയമനം വൈകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നു നേരത്തേ നിരീക്ഷിച്ച കോടതി വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ഇരുവിഭാഗത്തോ ടും ആവശ്യപ്പെട്ടിരുന്നു.