നെയ്യാറ്റിൻകര നഗരസഭയിലെ വികസനം വിലയിരുത്തി നീതി ആയോഗ് സംഘം
1594631
Thursday, September 25, 2025 6:10 AM IST
നെയ്യാറ്റിൻകര: കേന്ദ്ര സർക്കാരി ന്റെ സാന്പത്തിക സഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മോണിറ്ററിംഗ് കമ്മിറ്റിയായ "ദിശ' ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നീതി ആയോഗ് നിയോഗിച്ച സംഘം നെയ്യാറ്റിൻകര നഗരസഭ സന്ദർശിച്ചു.
എൻഐഎൽഇആർഡി ഡയറക്ടർ എസ്.എൻ. മിശ്ര, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ലളിത് ലാത്ല, റിസർച്ച് അസോസിയേറ്റ് കലങ്കാർ സച്ചിൻ എന്നിവരടങ്ങിയ സംഘത്തെ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ സ്വീകരിച്ചു. നഗരസഭാ സെക്രട്ടറി ബി. സാനന്ദസിംഗ്, വിവിധ സെക്ഷനുകളിലെ ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ എന്നിവർ ചേർന്നു നഗരസഭയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി, നേട്ടങ്ങൾ, വെല്ലുവിളികൾ തുടങ്ങിയവ സംഘത്തിന് വിശദീകരിച്ചു.
നഗരസഭയിൽ നടപ്പിലാക്കുന്ന അമൃത്, ഐസിഡിസി, എന്‍യുഎല്‍എം, ലൈഫ്, പിഎംഎഐ മുതലായവയടക്കം 67-ഓളം കേന്ദ്ര-സംസ്ഥാന സർക്കാര്‍ പദ്ധതികൾ സംഘം വിശദമായി വിലയിരുത്തി. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനിടെ നേരിടുന്ന സാങ്കേതിക, ഭരണപര, സാമ്പത്തിക വെല്ലുവിളികൾ, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പരിഹാര മാർഗങ്ങൾ,
ജനങ്ങളുടെ ആവശ്യങ്ങൾ, പദ്ധതികളുടെ ദീർഘകാല ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് സംഘം നഗരസഭാ പ്രതിനിധികളുമായി ചർച്ച നടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംഘം സംവാദവും നടത്തി.