മതിലിടിഞ്ഞുവീണ് ബംഗാള്‍ സ്വദേശി മരിച്ചു
1594089
Tuesday, September 23, 2025 10:13 PM IST
മെഡിക്കല്‍കോളജ്: പുതിയ വീട് പണിയുന്ന സൈറ്റില്‍ മതിലിടിഞ്ഞുവീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി സെയ്തുല്‍ റഹ്മാന് (45) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് പുലയനാര്‍ക്കോട്ട ജംഗ്ഷനിലായിരുന്നു സംഭവം. പഴയവീട് നീക്കം ചെയ്തശേഷം പുതിയ വീടിന്റെ പണി നടന്നുവരികയായിരുന്നു ഇവിടെ.
പഴയ മതിലിനു സമീപം ജെസിബി ഉപയോഗിച്ചു മണ്ണെടുക്കുന്ന പണി പകുതിവഴിയില്‍ നിര്‍ത്തിയശേഷം ഉച്ചയ്ക്ക് സെയ്തുല്‍ റഹ്മാനും സഹപണിക്കാരനും വെസ്റ്റ് ബംഗാള്‍ സ്വദേശിയുമായ ടാര്സന് അലിയും (35) ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ മതില് തകര്‍ന്ന് ഇവരുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു.
ടാര്സന് അലി നട്ടെല്ലിനു പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്തുല്‍ റഹ്മാന്റെ മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.