മണ്ണന്തല മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു
1594636
Thursday, September 25, 2025 6:20 AM IST
പേരൂര്‍ക്കട: മണ്ണന്തല മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ചരക്കുലോറിയും കൂട്ടിയിടിച്ചു 16 പേര്‍ക്കു പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു അപകടം.
കാട്ടാക്കട ഡിപ്പോയില്‍നിന്ന് മരുതൂര്വഴി പത്തനംതിട്ട മൂഴിയാറിലേക്കു പോയ ബസും കര്‍ണാടകയില്‍നിന്നു ചരക്കുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ലോറിയുമാണു ട്ടിയിടിച്ചത്. ലോറിയുടെ അമിതവേഗവും ചാറ്റല്മഴമൂലം റോഡിലുണ്ടായ വഴുലും വളവുമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
എതിര്‍ദിശയില്‍ വരികയായിരുന്നു വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍ ഡ്രൈവര്‍ കാബിനുകള്‍ പൊട്ടിപ്പൊളിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസ് ഒരുമരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ദൃക്സാക്ഷികളാണു വിവരം മണ്ണന്തല പോലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്.
ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ ജോര്‍ജ്, പോള്‍, സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ എം. ഷാഫി, മണ്ണന്തല സിഐ കണ്ണന്, എസ്ഐ ആര്.എസ്. വിപിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വാഹനങ്ങളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍മാരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
ബസ് ഡ്രൈവര്‍ ഷാജി (43), കണ്ടക്ടര്‍ വിഷ്ണു (37), ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഷാജഹാന് (34) എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ഡ്രൈവര്‍മാരുടെ വലതുകാലുകള്‍ കാബിനുള്ളില്‍ കുടുങ്ങി. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ കൈകള്‍ക്കും പരിക്കേറ്റു. ബസിൽ 25-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇവരില്‍ ജിജുരാജ് (41), സോണ (27), മഹിമ (20), അശോക് കുമാര്‍ (41), മോഹനന് (46), ജോണ്‍ മാത്യു (54), രാധാകൃഷ്ണന് (55), സ്മിത (44), ബിജുകുമാര്‍ (50), റീന (50), സുരേഷ് (56), അശിന്‍ (28), വില്സന് (62) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. മിക്ക യാത്രക്കാര്‍ക്കും അപകടത്തിന്റെ ആഘാതത്തില്‍ ഇടിവും ചതവും ഏല്‍ക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ചു നീക്കം ചെയ്തു. സംഭവത്തെ തുടര്‍ന്ന് എംസി റോഡില്‍ രണ്ടുമണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടു. മണ്ണന്തല പോലീസ് കേസെടുത്തു.