നവരാത്രി മണ്ഡപത്തിൽ നാളെ പാർവതീപുരത്തിന്റെ കച്ചേരി
1594630
Thursday, September 25, 2025 6:10 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: "ദേവിയുടെ അനുഗ്രഹം. എന്റെ എല്ലാ ഗുരുക്കന്മാരുടെയും അനുഗ്രഹം. മഹാസംഗീതജ്ഞന്മാർ കച്ചേരി നടത്തിയ നവരാത്രി മണ്ഡപത്തിൽ ദേവീകീർത്തനങ്ങൾ ആലപിക്കുവാൻ എനിക്കു ലഭിച്ച അവസരം ഞാൻ എന്റെ ജന്മസുകൃതമായിക്കാണുന്നു...' കർണാടക സംഗീതജ്ഞനും മുൻ സംഗീത അധ്യാപകനുമായ പാർവതീപുരം പദ്മനാഭ അയ്യർക്കിത് അവിശ്വസനീയമായ നിമിഷങ്ങൾ.
നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ഉത്സവദിവസമായ നാളെ മണ്ഡപത്തിൽ തോഡി രാഗത്തിലെ ഭാരതി മാമവ... എന്ന സ്വാതി തിരുനാൾ കൃതി മുഖ്യ ഇനമായി പാടി കൊണ്ടാണ് പാർവതീപുരത്തിന്റെ ആദ്യ നവരാത്രി സംഗീതോത്സവ പ്രവേശം. കർണാടക സംഗീതജ്ഞനും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ രാമവർമ നവരാത്രി സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിക്കുവാൻ ക്ഷണിക്കുന്പോൾ അത് സ്വപ്നമാണോ എന്ന് സംശയിച്ചുപോയി പദ്മനാഭ അയ്യർ.
പാർവതീപുരം പദ്മനാഭയ്യരുടെ വാക്കുകളിലേക്ക്... രാമവർമ എന്നെ ഫോണിൽ വിളിച്ച് നവരാത്രി മണ്ഡപത്തിൽ കച്ചേരി അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. എന്നെ പോലുള്ള സംഗീതജ്ഞന്മാർക്ക് ഉള്ളിൽ ഒരു മോഹമായി പോലും കൊണ്ടുനടക്കാൻ കഴിയുന്ന ഒന്നല്ല നവരാത്രി മണ്ഡപത്തിലെ കച്ചേരി.
അദ്ദേഹം എന്റെ സംഗീത ജീവിതത്തെ കുറിച്ച് സ്വയം മനസിലാക്കി വിളിച്ചതായിരിക്കും എന്നു കരുതുന്നു. മറ്റാരെങ്കിലും പറയുന്നത് അനുസരിച്ച് സംഗീതജ്ഞരെ നിശ്ചയിക്കുന്ന ആളല്ല രാമവർമ. ആരുടെ ശിപാർശയും കേൾക്കാറുമില്ല. അതുകൊണ്ടു തന്നെ ഈ ക്ഷണം അനുഗ്രഹമായി ഞാൻ കാണുന്നതും. അശ്വതി തിരുനാൾ രാമവർമയുടെ ഗുരുവായ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിൽ ഞാൻ സംഗീതത്തിൽ ഉപരിപഠനം നടത്തിയിട്ടുണ്ട്...
ആറ്റിങ്ങലിലെ പാർവതീപുരം ഗ്രാമത്തിൽ നിന്നും തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്തെ നവരാത്രി സംഗീതോത്സവം കാണാനും ആസ്വദിക്കാനും ചെറുപ്പകാലം മുതൽക്കെ പദ്മനാഭ അയ്യരും ശിഷ്യരും എത്തിയിരുന്നു. അമ്മാവനും മുല്ലമൂട്ടിൽ ഭാഗവതരുമായ ഹരിഹര ഭാഗവതരുടെ കച്ചേരി പ്രധാന കച്ചേരിക്കു മുന്പ് നവരാത്രി മണ്ഡപത്തിൽ പതിവാണെന്നും പാർവതീപുരം ഓർമിച്ചെടുത്തു.
പാലക്കാട് മണി അയ്യർ എന്ന മൃദംഗ മാന്ത്രികൻ എം.ഡി. രാമനാഥനും കെ.വി. നാരായണ സ്വാമിക്കും ആലത്തൂർ ബ്രദേഴ്സിനും മൃദംഗം വായിക്കുന്നത് പന്ത്രണ്ട് വർഷം തുടർച്ചയായി കേട്ടിട്ടുണ്ട്. ലാൽഗുഡി ജയറാമും ടി. എൻ. കൃഷ്ണനും ഉൾപ്പെടുന്ന വയലിൻ മഹാപ്രതിഭകളുടെ മാന്ത്രിക വാദനവും നിരവധി തവണ ആസ്വദിച്ചിട്ടുണ്ട്.
1992-ൽ ഗവണ്മെന്റ് മോഡൽ സ്കൂൾ അധ്യാപകനായി ചുമതലയേറ്റ ശേഷമാണ് തിരുവനന്തപുരം നഗരത്തിൽ താമസമാക്കുന്നത്. ഉന്നത ശീർഷർക്കൊപ്പം സംഗീതത്തിനായി ആത്മാർപ്പണം ചെയ്ത സാധാരണക്കാരായ സംഗീതജ്ഞരെയും പക്കമേള കലാകാരന്മാരെയും സംഗീതോത്സവത്തിന്റെ ഭാഗമാക്കുന്ന അശ്വതി തിരുനാൾ രാമവർമയുടെ നടപടി മാതൃകാപരമാണെന്നും പാർവതീപുരം പറയുന്നു.
മൃദംഗവും വയലിനും മാത്രമായിരുന്നു മുൻകാലങ്ങളിൽ നവരാത്രി കച്ചേരികൾക്കു പക്കമായി ഉൾപ്പെടുത്തിയിരുന്നത്. ഘടം, ഗഞ്ചിറ, മുഖർശംഗ് എന്നീ ഉപപക്കമേളത്തെയും ഉൾപ്പെടുത്തുന്നതും അശ്വതി തിരുനാൾ തന്നെ. അതുവഴി ഈ ഉപപക്കമേളക്കാർക്കും വലിയൊരു വേദി ലഭിക്കുകയാണ്. നാലാം ഉത്സവദിനമായ നാളെ വൈകുന്നേരം നവരാത്രി മണ്ഡപത്തിൽ വൈകുന്നേരം ആറിനാണ് പാർവതീപുരം പദ്മനാഭ അയ്യരുടെ കച്ചേരി. വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും മൃദംഗത്തിൽ പാലക്കാട് മഹേഷ് കുമാറും ഘടത്തിൽ ട്രിവാൻഡ്രം ആർ. രാജേഷും താളമേകും.