ലഹരിക്കെതിരേ നിര്‍ത്താതെ ഓടി റിക്കാർഡുനേടി രതീഷ് കുമാര്‍
1594629
Thursday, September 25, 2025 6:10 AM IST
വെള്ളറട: ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ് കുന്നത്തുകാല്‍ സ്വദേശി രതീഷ് കുമാര്‍. കാരോട് മുതല്‍ കഴക്കൂട്ടം വരെ 50 കിലോമീറ്റര്‍ നിര്‍ത്താതെ ഓടി കൊണ്ടായിരുന്നു നേട്ടം കൈവരിച്ചത്.
യുവാക്കളിലും സമൂഹത്തിലും ഉയര്‍ന്നുവരുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെ ലഘുലേഖകളും, ബോധവത്കരണങ്ങളും ഉയര്‍ത്തിക്കൊണ്ടായിരുന്നു കുന്നത്തുകാല്‍ വൃന്ദാവനില്‍ രതീഷ് കുമാര്‍ എന്ന 38 കാരന് നിര്‍ത്താതെ ഓടി റിക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാർഡ്സ്, വേള്‍ഡ് ബുക്ക് റിക്കാർഡ്സ് തുടങ്ങിയ ബഹുമതികളാണ് രതീഷിനെത്തേടിയെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി പാറശാലയ്ക്ക് സമീപം ഉദിയന്‍കുളങ്ങരയില്‍ സൈനിക മേഖലയില്‍ യുവാക്കളെ പരിശീലിപ്പിക്കുന്ന സ്ഥാപനംനടത്തിവരികയാണ് രതീഷ്. ലഹരിവിരുദ്ധ കാമ്പയിനുകളുടെ ഭാഗമായി സ്കൂള്‍, കോളജ് തലങ്ങളില്‍ സെമിനാറുകളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ പാഠങ്ങളും, അനുഭവങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ലഹരി വിരുദ്ധസന്ദേശം ഉയര്‍ത്തിക്കൊണ്ട് ഓടാന്‍ രതീഷ് തീരുമാനിച്ചത്.
കാരോട് മുതല്‍ കഴക്കൂട്ടം വരെ ആറുമണിക്കൂര്‍ 45 മിനിറ്റ് നിര്‍ത്താതെ ഓടിക്കൊണ്ടാണ് സൈനിക പ്രേമി കൂടിയായ ഈ യുവാവ് റിക്കാർഡ് നേട്ടം കൈവരിച്ചത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ചന്ദ്രദാസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് 2025 ജൂണ്‍ ഒന്പതിനു പുലര്‍ച്ചെ നാലിനു കാരോടു നിന്ന് ആരംഭിച്ച ഓട്ടം രാവിലെ10 :45ന് കഴക്കൂട്ടത്ത് സമാപിക്കുകയായിരുന്നു. പോലീസ്, എക്സൈസ്, ഉദ്യോഗസ്ഥര്‍ക്ക് പുറമേ വിവിധ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും, യുവജന സംഘടന അംഗങ്ങളും ലഹരി വിരുദ്ധ സന്ദേവും , ലഘുലേഖകളും നല്കി അനുഗമിച്ചിരുന്നു.
ഭാവിയില്‍ കാസര്‍കോട് മുതല്‍ പാറശാല വരെ ഇത്തരത്തിലുള്ള ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് രതീഷ്കുമാര്‍. ഇതിനു പിന്തുണയായി ധനകാര്യ മേഖലയിലെ ഉദ്യോഗസ്ഥ കൂടിയായ രതീഷ് കുമാറിന്റെ ഭാര്യ വിഷ്ണുപ്രിയയും മകന് ആഷിക്കും ഉള്‍പ്പെടെയുള്ള കുടുംബവും പിന്തുണയായുണ്ട്.